
ചര്‍മത്തിലുണ്ടാവുന്ന ചുളിവുകള്‍, മുടികൊഴിച്ചില്‍, നര, മുഖത്തെയും മറ്റ് ശരീര ഭാഗങ്ങളിലേയും പേശികള്‍ അയഞ്ഞ് തൂങ്ങുക അങ്ങനെ പലവിധ സൗന്ദര്യ പ്രശ്നങ്ങളും ആര്‍ത്തവ വിരാമത്തോടെ സ്ത്രീകള്‍ക്കുണ്ടാവാറുണ്ട്.
ഈ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായിട്ടാണ് സ്ത്രീ ശരീരത്തില്‍ ഇത്തരത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്. സ്വാഭാവിക ശാരീരിക പ്രതിഭാസമാണെങ്കിലും ഈ പ്രശ്നത്തിന് ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്.
ചര്‍മസൗന്ദര്യം കാത്തുസൂക്ഷിക്കാം
തിളക്കവും മിനുസവുമുള്ള ചര്‍മമാണ് ചര്‍മസൗന്ദര്യത്തിന്റെ അടയാളം. ഇതിനായി വിപണിയില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ട്് കാര്യമില്ല.
ചര്‍മ്മം ചുളിയുക, മുഖത്ത് കറുത്ത പാടുകള്‍, കരിമംഗല്യം, ചുണ്ടുകള്‍ വരണ്ടുപൊട്ടുക, ദേഹത്ത് വെളുത്ത പാടുകള്‍ തുടങ്ങി ധാരാളം പ്രശ്നങ്ങള്‍ ആര്‍ത്തവ വിരാമം വന്നവരില്‍ കണ്ടുവരുന്നു. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഈ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാം.
വിറ്റാമിന്‍ ബി, സി, ഇ തുടങ്ങിയവയുള്ള ഭക്ഷണം ധാരാളം കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞളും പാല്‍പ്പാടയും വെണ്ണയും ചന്ദനവും പുരട്ടുന്നത് ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പ്രധാന പരിഹാര മാര്‍ഗ്ഗമാണ്.
ഇവ രാവിലെ പുരട്ടുന്നതാണ് ഉത്തമം. പുരട്ടി 10 15 മിനിറ്റിനുള്ളില്‍ കഴുകി കളയാവുന്നതാണ്. ഗുളുച്യാദി കഷായം സേവിക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കും. ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ ഇടയ്ക്കിടെ വെണ്ണ പുരട്ടുന്നത് സഹായിക്കും.
മുടിയഴകിന്
മുടി എപ്പോഴും സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോല്‍തന്നെ. എന്നാല്‍ ആര്‍ത്തവ വിരാമത്തോടടുക്കുമ്പോള്‍ സ്ത്രീകളില്‍ മുടികൊഴിച്ചില്‍ സാധ്യത കൂടുതലാണ്. കാല്‍സ്യത്തിന്റെ കുറവാണ് പ്രധാന കാരണം. ശതാവരിപാല്ക്കഷായം ഇതിന് വളരെ പ്രയോജനം ചെയ്യും. കൂടാതെ പപ്പായ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പപ്പായയില്‍ ഈസ്ട്രൊജന്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.
തലയില്‍ താരന്റെ ശല്യമുണ്ടെങ്കില്‍ മുടികൊഴിച്ചിലുണ്ടാവാന് സാധ്യതയുണ്ട്. അതുകൊണ്ട് ഹെര്‍ബല്‍ ഷാംമ്പുവോ താളിയോ ഉപയോഗിച്ച് തല കഴുകാന്‍ ശ്രദ്ധിക്കുക.
പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ഭംഗിയും മുഖത്തെ ചിരിയുമെല്ലാം സൗന്ദര്യത്തിന് പ്രധാന ഘടകം തന്നെ. പല്ലിന്റെ നിറവും ഭംഗിയും മായുമ്പോള്‍ മുഖത്തെ ചിരിയും മാഞ്ഞുതുടങ്ങും. ആര്‍ത്തവവിരാമത്തിനുശേഷം പല്ലുകള്‍ക്ക് ഇളക്കം തട്ടുന്നതും നിറം മങ്ങുന്നതും സ്വാഭാവികമാണ്. കാല്‍സ്യത്തിന്റെ അഭാവമാണ് ഇതിന് പ്രധാന കാരണം.
ദിവസവും രാവിലെയും കിടക്കും മുന്‍പും ഓരോ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളി കാല്‍സ്യത്തിന്റെ കുറവ് പരിഹിക്കാന്‍ സഹായിക്കും. ദിവസവും രണ്ട് നേരം പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. അന്നജങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളേക്കാള്‍ പഴങ്ങള്‍, ഇലക്കറികള്‍(ചീര, മുരങ്ങയില) എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
ജലാംശവും സൗന്ദര്യവും
ചര്‍മ്മ, സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി രണ്ട് നേരം കുളി ശീലമാക്കാം. അതുപോലെ വെളളം ധാരാളം കുടിക്കാന്‍ ശീലിക്കാം. കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് എണ്ണതേച്ചുപിടിപ്പിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും. കുളിക്ക് ശേഷം നനവോടെതന്നെ ചര്‍മ്മത്തില്‍ തൈലങ്ങളോ രാസവസ്തുക്കള്‍ അധികമടങ്ങാത്ത ക്രീമുകളോ പുരട്ടാം.
കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. തഴുതാമ, ഞെരിഞ്ഞില്‍, കറിവേപ്പില എന്നിവയിലേതെങ്കിലുമിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ മോരുംവെള്ളവും കുടിക്കാം.






