ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാരില്‍ ഭിന്നത. ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്യാതെ കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് ശരിയായില്ലെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ഉദ്ധവ് താക്കറെയ്ക്ക് അധികാരമുണ്ടാകാം. എന്നാല്‍ ആ അധികാരം നീതിപുര്വമായി വിനിയോഗിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പൂനെ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ടത് ശരിയായില്ലെന്നും ക്രമസമാധാന പാലനം സംസ്ഥാനത്തിന്റെ ചുമതലയാണെന്നും പവാര്‍ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്കുന്ന മഹാ വികാസ് അഘാതി സഖ്യത്തിലെ പങ്കാളികളാണ് കോണ്‍ഗ്രസും എന്‍.സി.പിയും. എന്‍.സി.പി നേതാവ് അനില്‍ ദേശ്മുഖ് ആണ് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി. തന്നെപ്പോലും മറികടന്നാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതെന്ന് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേനാ സഖ്യം തകര്‍ന്നതോടെയാണ് മഹാ വികാസ് അഘാതി സഖ്യം രൂപപ്പെട്ടത്. ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ശിവസേനയ്ക്ക് പിന്തുണ കൊടുത്ത് കോണ്‍ഗ്രസും എന്‍.സി.പിയും രംഗത്ത് വരികയായിരുന്നു.






