
ന്യൂഡല്‍ഹി: കരസേനയെ വനിതാ ഓഫീസര്‍മാര്‍ നയിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. സൈന്യത്തിൽ വനിതകളെ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി. സൈന്യത്തിന്റെ യൂണിറ്റ് ചുമതലകളില്‍ വനിതകളാകാമെന്ന 2010ലെ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി സൈന്യത്തില്‍ ലിംഗ വിവേചനം പാടില്ലെന്നും ഈ മനോഭാവം മാറണമെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വാദം കരസേനയ്ക്ക് തന്നെ അപമാനകരമാണെന്നും സൈന്യത്തില്‍ പുരുഷന്മാരെ പോലെ തന്നെ വിവിധ തസ്തികകളിലും അവസരങ്ങളിലും തത്തുല്യമായി സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായുള്ള ബഞ്ച് വിലയിരുത്തി. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യം നടപ്പിലാക്കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. വിധി കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാണ്. ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്നവര്‍ക്കിടയില്‍ സ്ത്രീകളായ ഓഫീസര്‍മാരെ സ്വീകരിക്കാന്‍ തക്കവിധത്തില്‍ മാനസീകാവസ്ഥ രൂപപ്പെട്ടിട്ടില്ലെന്നായിരുന്നു നേരത്തേ ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
ശാരീരികക്ഷമത, കുടുംബം, മാതൃത്വം തുടങ്ങിയ കാരണങ്ങളും ഹര്‍ജിയില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സ്ത്രീ - പുരുഷ ശാരീരിക സവിശേഷതകളെയും സ്ത്രീകളുടെ അവകാശവുമായി കൂട്ടിക്കുഴയ്ക്കേണ്ട എന്ന് വ്യക്തമാക്കിയ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഈ മനോഭാവത്തില്‍ മാറ്റം വരണമെന്നും പറഞ്ഞു. സൈന്യത്തിൽ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് വിലയിരുത്തിയ സുപ്രീം കോടതി സ്ത്രീകളുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമെന്നും നിരീക്ഷിച്ചു.
നിലവില്‍ സ്ത്രീകള്‍ക്ക് സൈന്യത്തിലെ ജോലി പരിമിതപ്പെടുത്തിയിട്ടുണ്ട്. യുദ്ധഭൂമിയിലും ഉന്നത സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈനിക വിഭാഗത്തിലും ഇവരെ പരിഗണിക്കുന്നില്ല. യുദ്ധ മേഖലയില്‍ അല്ലാത്ത സൈന്യത്തിലെ എല്ലാ വിഭാഗത്തിലും തലപ്പത്ത് പരിഗണിക്കണം എന്നാണ് സുപ്രീംകോടതി പറയുന്നത്. അനുച്ഛേദം 14 നൽകുന്ന തുല്യത അവസരങ്ങളുടെ തുല്യത കൂടിയാണെന്നും കോടതി ഓർമിപ്പിച്ചു.






