ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ പദ്ധതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ സമാന പദ്ധതി നിലവിലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ എന്‍.ബി.യു സി.ഇ.ഒ സീസര്‍ ഗുപ്ത അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൊബൈല്‍ ഡാറ്റ സാധാരണക്കാര്‍ക്കും പ്രാപ്യമായ വിധത്തില്‍ നിരക്ക് കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗജന്യ പദ്ധതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഗുപ്ത അറിയിച്ചു.
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് 2015ലാണ് സൗജന്യ വൈഫൈ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മൊബൈല്‍ ഡാറ്റാ നിരക്ക് വളരെയധികം കുറഞ്ഞു. നിലനില് ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗൂഗിള്‍. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളാണ് സൗജന്യ വൈഫൈ പദ്ധതിക്കായി ഗൂഗിള്‍ തിരഞ്ഞെടുത്തിരുന്നത്.
സൗജന്യ വൈഫൈ പദ്ധതിയുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും നന്ദി അറിയിക്കുന്നതായി സീസര്‍ ഗുപ്ത പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, തായ്ലന്ഡ്, ഫിലീപ്പീന്‍സ്, മെക്സിക്കോ, ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലും ഗൂഗിളിന്റെ സൗജന്യ വൈഫൈ പദ്ധതി നിലവിലുണ്ട്.






