
ന്യുഡല്‍ഹി: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരും മുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് അപ്പീല്‍ നല്‍കാനിരിക്കേയാണ് ലീഗിന്റെ ഹര്‍ജി.
നാദാപുരം മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ ആയിരിക്കും ഹാജരാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും മുസ്ലീം ലീഗിനുണ്ട്..
2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സര്‍ക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെ 2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇത് ചോദ്യം ചെയ്താണ് യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചത്.






