
ചൈനയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ ജോലി അന്വേഷിക്കാനായി ഡേറ്റിംഗ് ആപ്പുകളെ ആശ്രയിക്കുന്നതായും പ്രണയിക്കാന്‍ ആളെ കണ്ടെത്താന്‍ തൊഴില്‍ തെരയല്‍ വെബ്‌സൈറ്റുകളില്‍ എത്തുന്നതായുമാണ് വിവരം. തൊഴില്‍ അന്വേഷണ വെബ്‌സൈറ്റുകള്‍ വഴി നടത്തുന്ന നീക്കം ആളും തരവും നോക്കി പ്രണയിക്കാന്‍ അവസരം നല്‍കുന്നതായും എന്നാല്‍ ഡേറ്റിംഗ് ആപ്പ് വഴി ഇഷ്ടമുള്ള കമ്പനികളില്‍ ജോലി ചെയ്യുന്നയാളുമായി കമ്പനിയടിച്ച് തൊഴില്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കഴിഞ്ഞ ജൂലൈ മുതല്‍ ചൈനയിലെ 16 നും 24 നും ഇടയില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളിലാണ്. നൂറു കണക്കിന് അപേക്ഷകള്‍ അയച്ചിട്ടും വളരെ കുറച്ച് മറുപടികള്‍ മാത്രമാണ് ലഭിക്കുന്നതെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് ചിലര്‍ ഡേറ്റിംഗ് ആപ്പുകളില്‍ ജോലി തേടുക എന്ന വ്യത്യസ്തമായ വഴി സ്വീകരിച്ചത്. തങ്ങളുടെ പ്രൊഫൈലുകളില്‍ ജോലി അന്വേഷിക്കുന്ന കാര്യം ഇവര്‍ വ്യക്തമായി രേഖപ്പെടുത്തുകയോ, മാച്ച് ലഭിച്ച ശേഷം ആ വ്യക്തിയുമായി തൊഴില്‍പരമായ നെറ്റ്വര്‍ക്കിംഗിന് ശ്രമിക്കുകയോ ചെയ്യുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ തനിക്ക് മാച്ച് ലഭിച്ച വ്യക്തിയോട് പ്രണയം തോന്നിയില്ലെങ്കിലും, അയാള്‍ തന്റെ സ്വപ്ന കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അയാള്‍ വഴി കരിയര്‍ പ്ലാന്‍ ചെയ്യാനും ആ കമ്പനിയില്‍ ജോലിക്ക് ശുപാര്‍ശ നേടാനും സഹായിച്ചു. മറുവശത്ത് ചിലര്‍ തൊഴില്‍ പ്ലാറ്റ്ഫോമുകള്‍ ഡേറ്റിംഗിനായി ഉപയോഗിക്കുന്നു. ഒരു യുവതി താന്‍ ജോലി അന്വേഷിക്കുന്ന ആപ്പിലൂടെ ഒരു റിക്രൂട്ടറോട് അയാളുടെ വിവാഹം ചോദിച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു. ഒരു ഹ്യൂമന്‍ റിസോഴ്‌സ് പ്രൊഫഷണല്‍ പറഞ്ഞത്, താന്‍ ജോലിക്ക് ക്ഷണിച്ച ഒരു യുവതിയുമായി പിന്നീട് നല്ല സൗഹൃദത്തിലായെന്നാണ്.
2024-ല്‍ ചൈനയിലെ പ്രമുഖ റിക്രൂട്ട്മെന്റ് സേവനമായ 'ബോസ് സിപിന്‍' തങ്ങളുടെ കമ്പനി റേറ്റിംഗ് പ്ലാറ്റ്ഫോമായ 'കാന്‍ഷുന്‍' ഒരു ഡേറ്റിംഗ് ആപ്പായി പുനര്‍നാമകരണം ചെയ്യുക പോലുമുണ്ടായി. പലരും പങ്കാളികളെ കണ്ടെത്തുന്നത് റെസ്യൂമെകള്‍ പരിശോധിക്കുന്നത് പോലെയാണ്. ഉപയോക്താക്കളുടെ പേര്, വിദ്യാഭ്യാസം, ജോലി, വരുമാനം, ആസ്തി എന്നിവ 'കാന്‍ഷുന്‍' കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തുന്നു. വരുമാനം തെളിയിക്കാന്‍ ആദായനികുതി ആപ്ലിക്കേഷന്റെ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് വരെ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
എന്നിരുന്നാലും, ഈ രണ്ട് പ്ലാറ്റ്ഫോമുകളും മാറി ഉപയോഗിക്കുന്നതില്‍ എല്ലാവരും തൃപ്തരല്ല. ആകര്‍ഷകമായ പ്രൊഫൈല്‍ ഫോട്ടോകള്‍ കണ്ട് റിക്രൂട്ടര്‍മാരില്‍ നിന്ന് ശല്യമുണ്ടാകുന്നതായി ചിലര്‍ പരാതിപ്പെടുന്നു. ജോലി അന്വേഷിക്കുന്നതിനിടെ വിവാഹമോചിതനായ ഒരാള്‍ തന്നോട് പ്രണയം അഭ്യര്‍ത്ഥിച്ച അനുഭവം ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഡേറ്റിംഗ് ആപ്പുകളില്‍ ജോലി തിരയുന്നത് വ്യക്തിഗത വിവരങ്ങള്‍ ചോരാനും റിക്രൂട്ടര്‍മാരായി ചമയുന്ന തട്ടിപ്പുകാരുടെ വലയില്‍ വീഴാനും കാരണമായേക്കാമെന്ന് അഭിഭാഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളില്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് വെല്ലുവിളിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.






