
ബംഗളൂരു: ശയ്യാവലംബിയായ 72 വയസ്സുള്ള മാതാവിനെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കുറ്റത്തിന് 42 വയസ്സുകാരനായ മകന്‍ വെങ്കിടേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍.ആര്‍ നഗറില്‍ ബി.ഇ.എം.എല്‍ ലേഔട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സവിത്രമ്മ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. പക്ഷാഘാതം പിടിപെട്ട് കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇവര്‍ കിടപ്പിലായിരുന്നു.
വെങ്കിടേഷ് എന്ന മകന്‍ അമ്മയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ യുടെ ദീര്‍ഘകാലത്തെ അസുഖം കാരണം പ്രതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെങ്കിടേഷിനെ ചോദ്യം ചെയ്യുകയാണ്്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ ക്രൂരതയ്ക്ക് പിന്നിലുണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതിയുടെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുടുംബങ്ങളില്‍ നടക്കുന്ന ഇത്തരം അക്രമങ്ങളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പ്രധാന ഘടകമായേക്കാം എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. അടുത്തിടെ സുവര്‍ണ്ണ എന്ന സ്ത്രീ സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ഇതിന് ഉദാഹരണമാണ്.
മാനസികാസ്വാസ്ഥ്യം അനുഭവിച്ചിരുന്ന സുവര്‍ണ്ണ മകളുടെ ഭാവിയില്‍ ആശങ്കാകുലയായിരുന്നു. അമ്മയെ താഴേക്ക് തള്ളിയ വെങ്കിടേഷും വര്‍ഷങ്ങളായുള്ള പരിചരണവും അമ്മയുടെ അസുഖവും കാരണം സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാം. കുടുംബങ്ങള്‍ക്കുള്ളിലെ അക്രമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെയാണ് ഇത്തരം സംഭവങ്ങള്‍ അടിവരയിടുന്നത്.






