
ന്യുഡല്‍ഹി: 26/11 മുംബൈ ആക്രമണത്തിന് പിന്നില്‍ ഹിന്ദു ഭീകരവാദമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പാകിസ്താന് ഭീകരര്‍ ശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തല്‍. ഏറ്റുമുട്ടലിനിടെ അജ്ണമല് കസബ് കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ 'കയ്യില്‍ ചുവന്ന ചരട് കെട്ടിയ ബംഗലൂരു സ്വദേശി സമീര്‍ ദിനേഷ് ചൗധരി' കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത വന്നേനെ.- മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ 'ലെറ്റ് മി സേ ഇറ്റ് നൗ' എന്ന തന്റെ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മുംബൈ ആക്രമണത്തിനു പിന്നില്‍ ഹിന്ദു ഭീകരവാദമാണെന്ന് വരുത്തിതീര്‍ക്കാനാണ് ലഷ്കറെ തോയിബ ശ്രമിച്ചത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഹിന്ദു ഭകീരവാദികള് മുംബൈ ആക്രമിച്ചുവെന്നായിരിക്കും മാധ്യമങ്ങളില്‍ വാര്‍ത്ത വരിക. ബംഗല്ുരുവില് അയാളുടെ കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും അഭിമുഖം ചെയ്ത് ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ പേരെടുത്തേനെ. എന്നാല്‍ കഷ്ടം, അത് നടന്നില്ല. പാകിസ്താനിലെ ഫരിദ്കോട്ടില്‍ നിന്നുള്ള അജ്മല്‍ അമീര്‍ കസബ് എന്നാണ് വാര്‍ത്ത ആയത്.
ഹൈദരാബാദിലെ അരുണോദയ കോളജിന്റെ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും അക്രമികള്‍ സംഘടിപ്പിച്ചിരുന്നു. സമാനമായ തിരിച്ചറിയല്‍ കാര്‍ഡ് കസബിനു വേണ്ടി കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. കസബും അയാളുടെ സുഹുത്ത് മുസാഫര്‍ ലാല്‍ ഖാനും ലഷ്കറെ തോയിബയില്‍ ചേര്‍ന്നത് ആയുധ പരിശീലനം നേടിയ ശേഷം കൊള്ളയടിച്ച് ധനം സമ്പാദിക്കാനായിരുന്നു. ജിഹാദുമായി ആയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും രാകേഷ് മരിയ പറയുന്നു.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നമാസ് ചെയ്യാന്‍ അനുവാദമില്ലെന്നാണ് കസബ് വിശ്വസിച്ചിരുന്നത്. മോസ്കുകള്‍ അധികൃതര്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്്നൂഗ അയാള്‍ കരുതി. ക്രൈംബ്രാഞ്ചിന്റെ ലോക്കപ്പില്‍ കിടക്കുമ്പോള്‍ അഞ്ചുനേരവും കേട്ടിരുന്ന ബാങ്ക്വിളി മിഥ്യാധാരണയാണെന്നാണ് അയാള്‍ കരുതിയത്. ഇക്കാര്യം മനസ്സിലാക്കിയ താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് മഹേലയോട് മെട്രോ സിനിമയ്ക്ക് സമീപമുള്ള ഒരു മോസ്കില്‍ കസബിനെ കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മോസ്കില്‍ നമാസ് നടക്കുന്നത് കണ്ട് കസബ് ശരിക്കും ഞെട്ടിത്തരിച്ചുപോയെന്നാണ് ഉദ്യോഗസ്ഥന് തന്നോട് പറഞ്ഞതെന്നും മരിയ പുസ്തകത്തില്‍ പറയുന്നു.
കസബ് ജീവനോട് ഇരിക്കുകയെന്നതിനായിരുന്നു താന്‍ ഏറ്റവും മുന്‍ഗണന നല്‍കിയത്. മുംബൈ പോലീസ് ഉദ്യോഗസ്ഥരില്‍ പോലും അയാളോട് വിരോധവും പകയുമുള്ളവര് ഉണ്ടായിരുന്നു. കസബ് ജീവിച്ചിരിക്കരുതെന്ന് ഐ.എസ്.ഐയും ലഷ്കറെ തോയിബയും ആഗ്രഹിച്ചിരുന്നു. കാരണം ആ ഹീനകൃത്യത്തിലെ ജീവിച്ചിരിക്കുന്ന ഏക തെളിവ് കസബ് ആയിരുന്നു. കസബിനെ കൊല്ലാനുള്ള ഉത്തരവാദിത്തം ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനായിരുന്നുവെന്നും മരിയ പറയുന്നു.
കസബിനെ താന്‍ ദിവസവും ചോദ്യം ചെയ്തിരുന്നുവെന്നും അതുവഴി വ്യക്തിപരമായ ഒരു ബന്ധവും ഉടപെടുത്തിരുന്നു. കസബ് തന്നെ 'ജനാബ്'(സര്) എന്നാണ് വിളിച്ചിരുന്നത്. മൂന്നുവട്ടം പരിശീലനം നല്കിയ ശേഷം 1,25,000 രൂപയും നല്കിയ കസബിനെ ലഷ്കറെ തോയിബ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ അയച്ചിരുന്നു. ഈ പണം കസബ് തന്റെ സഹോദരിയുടെ വിവാഹത്തിന് നല്കി.
2008 സെപ്തംബര്‍ 27നായിരുന്നു മുംബൈയില്‍ ആക്രമണം നടത്താന്‍ ലഷ്കറെ തോയിബ ആദ്യം തീരുമാനിച്ചിരുന്നതെന്നും രാകേഷ് മരിയ പുസ്തകത്തില്‍ പറയുന്നു.






