
തിരുവനന്തപുരം: ഡി.ജി.പി പറവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പിക്ക് തുല്യമായി തരംതാഴ്ത്തണമെന്ന് ഡി.ജി.പിയുടെ ശിപാര്‍ശ. ഇത് കേന്ദ്രസര്‍ക്കാരിന്റെ് പരിഗണനയ്ക്ക് അയച്ചുവെന്നാണ് സൂചന. ശിപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. എ.ഡി.ജി.പിമാരുടെ യോഗത്തിലും കടുത്ത പ്രതിഷേധമുണ്ടായി.
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് താഴ്ത്തുന്നതോടെ ഡി.ജി.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടി വരികയും അന്വേഷണ ഏജന്‍സിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്നും വിമര്‍ശനമുയര്‍ന്നു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിരിക്കുന്ന രണ്ട് കേഡര്‍ തസ്തകകളാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയുടെയും വിജഡിലന്സ് ഡയറക്ടറുടെയും തസ്തികകള്‍. വിജിലന്‍സ് ഡയറക്ടറുടെ തസ്തിക എ.ഡി.ജി.പി റാങ്കിലേക്ക് താഴ്ത്തിയ ശേഷം ജയില്‍ വകുപ്പ് മേധാവി, അഗ്നിരക്ഷാസേന മേധവി എന്നീ പദവികളിലൊന്ന് ഡി.ജി.പി തസ്തികയ്ക്ക് തുല്യമായി ഉയര്‍ത്താനാണ് ഡി.ജി.പി ശിപാര്‍ശ ചെയ്യുന്നത്.
സര്‍ക്കാരിലെ ക്രമക്കേടുകളും അഴിമതികളും അന്വേഷിക്കുന്ന വിജിലന്‍സിന്റെ മേധാവിയെ പോലീസ് മേധാവിക്ക് താഴെ കൊണ്ടുവരാനുള്ള നീക്കത്തോട് വ്യാപകമായ പ്രതിഷേധമാണ് ഐപിഎസ് തലത്തില്‍ ഉയരുന്നത്. ഡി.ജി.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി. വിജിലന്‍സിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കമെന്നാണ് വിമര്‍ശനം.
കേന്ദ്രസര്‍ക്കാര്‍ എക്സ് കേഡര്‍ പദവിയായി അംഗീകരിച്ച വിജിലന്‍സ് ഡയറക്ടറായി എ.ഡി.ജി.പിയെ നിയമിക്കുന്നത് കൂടാതെ ഇനി ഇതേപദവി തരംതാഴത്താനും ആവശ്യപ്പെട്ടാല്‍ എക്സ് കേഡര്‍ പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമോ എന്ന ആശങ്കയും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത് ഭാവിയില്‍ പ്രൊമോഷന് അടക്കമുള്ളവയെ ബാധിക്കുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.






