
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍ക്ക് ജയിലില്‍ കൗണ്‍സിലിംഗ് നല്കി. നാല് പ്രതികളില്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവര്‍ ജയിലില്‍ അക്രമാസക്തരായതിനെ തുടര്‍ന്നാണ് നാല് പേര്‍ക്കും കൗണ്‍സിലിംഗ് നല്‍കിയത്. മറ്റ് പ്രതികളായ പവന് ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ഒരാഴ്ചയായി വിനയ് ശര്‍മ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഭക്ഷണവുമായി ജയില്‍ അധികൃതര്‍ എത്തുമ്പോഴും മറ്റ് അവസരങ്ങളിലും ഇയാള്‍ അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ ഞായറാഴ്ച ജയില്‍ ഭിത്തിയില്‍ തലയിടിച്ച് പരുക്കേല്‍പ്പിക്കുകയും അഴിക്കുള്ളില്‍ കൈ കടത്തി കൈ ഒടിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ വിനയ് ശര്‍മ്മയ്ക്ക് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ അഭിഭാഷകന് കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം വിനയ് ശര്‍മ്മയുമായി സംസാരിച്ചതില്‍ നിന്ന് ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തീഹാര്‍ ജയിലിലെ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം വീതം കുടുംബാംഗങ്ങള്‍ക്ക് പ്രതികളെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച കാണാനെത്തിയ അമ്മയെ പോലും തിരിച്ചറിയാന്‍ വിനയ് ശര്‍മ്മയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇയാളുടെ അഭിഭാഷകന്റെ വാദം.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റാന്‍ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ സുരക്ഷയൊരുക്കിയാണ് പ്രതികളെ സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണത്തിലാണ് കഴിയുന്നത്. കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും കൂടിക്കാഴ്ച നടത്തുമ്പോള്‍ പോലും പ്രതികളെ ജയില്‍ അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്.






