ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം സമാധാനപരമെന്ന് സുപ്രീം കോടതി നിയമിച്ച മധ്യസ്ഥന്‍ വജാത് ഹബീബുള്ള. അനാവശ്യമായി റോഡ് ബ്ലോക്ക് ചെയ്യുന്നത് പോലീസാണെന്നും മധ്യസ്ഥന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഷഹീന്‍ബാഗില്‍ അഞ്ചിടങ്ങളില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് സൃഷ്ടിച്ച തടസ്സങ്ങള്‍ മാറ്റിയാല്‍ തന്നെ ഗതാഗതം സുഗമമാകുമെന്നും ഹബീബുള്ള കൂട്ടിച്ചേര്‍ത്തു.
സി.എ.എ, എന്‍.പി.ആര്, എന്‍.ആര്.സി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് ഷബീബുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരമവദിക്ക് അരികിലൂടെ സ്കൂള്‍ വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടുന്നുണ്ടെന്ന് ഹബീബുള്ള തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഷഹീന്‍ബാഗിലെ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയമിച്ചിരുന്നു. വജാദ് ഹബീബുള്ളയ്ക്ക് പുറമെ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഫെബ്രുവരി 19-20 തീയതികളില്‍ മധ്യസ്ഥ സമിതി സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗ് സമരം തുടങ്ങിയത്.






