
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്നു തുടക്കം. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ ഉടമ്പടി ഇപ്പോഴുണ്ടാകില്ലെന്നാണു സൂചന. ഊര്‍ജം, പ്രതിരോധം, ആഭ്യന്തര സുരക്ഷാ മേഖലകളില്‍ കേന്ദ്രീകരിച്ചാകും ചര്‍ച്ചകള്‍. അഹമ്മദാബാദിലും ആഗ്രയിലുമായി ഇന്നു സൗഹൃദപരിപാടികളേയുള്ളൂ. ഔദ്യോഗിക പരിപാടികളും ചര്‍ച്ചയും നാളെ ഡല്‍ഹിയിലാണ്.
വാണിജ്യരംഗത്തു ചെറുകരാര് അവസാന നിമിഷം വരെയും പണിപ്പുരയിലുണ്ടായിരുന്നെങ്കിലും വിശാലവും സമഗ്രവുമായൊരു ഉടമ്പടി പിന്നീടു മതിയെന്നു നിര്‍ദേശിച്ച് യു.എസ്. പ്രതിനിധികള്‍ ചര്‍ച്ച മതിയാക്കിയെന്നാണു വിവരം. യു.എസ്. വ്യാപാര പ്രതിനിധിയായ റോബര്‍ട്ട് എെത്തെസര് പ്രസിഡന്റിന്റെ സംഘത്തിലുണ്ടാകില്ല. യു.എസ്. നിര്‍മിത മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യയിലെ തീരുവ കുറയ്ക്കുക, മൂവായിരത്തോളം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവയില്ലാതെ ഇറക്കുമതി അനുവദിച്ചിരുന്ന ജനറെലെസ്ഡ് സിസ്റ്റംസ് ഓഫ് പ്രിഫറന്‍സ് (ജി.എസ്.പി) പുനഃസ്ഥാപിക്കുക തുടങ്ങിയവയാണു പ്രധാനമായും ചര്‍ച്ച ചെയ്തത്.
അമേരിക്ക ആവശ്യപ്പെട്ട അത്രയും ഇളവിന് ഇന്ത്യ തയാറാകാത്ത നിലയ്ക്ക്, ട്രംപ്-നരേന്ദ്ര മോഡി സംഭാഷണത്തിന്റെ തുടര്‍ച്ചയായി വ്യാപാരച്ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണു ധാരണ. തന്നെ സ്വീകരിക്കാനെത്തുന്ന ജനക്കൂട്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ പങ്കുവച്ചാണ് ട്രംപ് പത്നി മെലാനിയയ്ക്കൊപ്പം െവെറ്റ് ഹൗസില്‍നിന്നു യാത്രതിരിച്ചത്. ഇന്ത്യ സംഘടിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പരിപാടിയാണു സുഹൃത്തായ മോഡി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ട്രംപ് പറയുന്നു.
അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് സബര്‍മതി ആശ്രമം വഴി സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കുള്ള യാത്ര അവിസ്മരണീയമാക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. പാതയോരത്തെ ആള്‍ക്കൂട്ടവും ആഘോഷങ്ങളും സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ''നമസ്തേ ട്രംപ്'' പരിപാടിക്ക് ആവേശമാകും.
അഹമ്മദാബാദ് വിമാനത്താവളം മുതല്‍ ഒപ്പമുണ്ടാകുന്ന നരേന്ദ്ര മോഡി, ട്രംപ് ദമ്പതിമാരുടെ ആഗ്രാ യാത്രയില്‍ ഒപ്പമുണ്ടാകില്ല. നാളെ നടത്തുന്ന ചര്‍ച്ചകളുടെ അവസാനവട്ട തയാറെടുപ്പുകള്‍ക്കായി അദ്ദേഹം ഡല്‍ഹിയിലേക്കു പോകും. ആഗ്രയിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കു നഗരത്തിന്റെ താക്കോല്‍ െകെമാറുകയാണു രീതി. താജ് മഹലിന്റെ രൂപത്തില്‍ 600 ഗ്രാം വെള്ളിയില്‍ തീര്‍ത്ത താക്കോലാകും ട്രംപിനു സമ്മാനിക്കുക.






