
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവവരും നിയമത്തെ അനുകൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം. ഇരുകൂട്ടരും തമ്മില്‍ പരസ്പരം കല്ലേറുണ്ടായി. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ് ഇത്.
മോജ്പൂര്‍ മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടരും പരസ്പരം കല്ലെറിയുന്നതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ ജയ് ശ്രീറാം വിളിക്കുന്നതായും വീഡിയോയില്‍ ദൃശ്യമാണ്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ശനിയാഴ്ച്ച രാത്രി മുതലാണ് ഷാബിന്‍ബാഗിന് സമാനമായ പ്രതിഷേധം ജഫ്രാബാദില്‍ ആരംഭിച്ചത്. ഇതോടെ അവിടുത്തെ മെട്രോസ്റ്റേഷന് അടച്ചിട്ടിരിക്കുകയാണ്. ജാഫര്‍ബാദില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ കല്ലേറിന്റെ ബാക്കിപത്രമാണ് ഇന്നുണ്ടായ സംഘര്‍ഷമെന്നാണ് കരുതുന്നത്.






