
ഹരിഹരനുമായുള്ള അകല്‍ച്ച തങ്ങള്‍ക്കും മലയാള സിനിമയ്ക്കും വലിയ നഷ്ടങ്ങള്‍ വരുത്തിയെന്നും അകല്‍ച്ചയ്ക്ക് കാരണം താന്‍ തന്നെയാണെന്നും തുറന്നു പറഞ്ഞ് ശ്രീകുമാരന്‍ തമ്പി. പി. ഭാസ്കരന് പുരസ്കാരം ഹരിഹരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ശ്രീകുമാരന്‍ തമ്പി. ഹരിഹരനുമായുണ്ടായ അകല്‍ച്ചയുടെ കാരണക്കാരന്‍ താന്‍ തന്നെയാണെന്ന് ആദ്യമായി തുറന്നുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
'' സിനിമയ്ക്കായി ആദ്യമെഴുതിയ പാട്ടുകളൊക്കെ കവിതകളാണെന്നു പറഞ്ഞ് സംവിധായകര്‍ മാറ്റിവെച്ച കാലത്ത് എന്റെ പാട്ടുകള്‍ കൊള്ളാം എന്നു പറഞ്ഞ ആദ്യയാളായിരുന്നു ഹരിഹരന്. അന്ന് തുടങ്ങിയ ആത്മബന്ധം ഇടക്കാലത്തു വെച്ച് മുറിയുകയായിരുന്നു. ഹരിഹരന്റെ സിനിമയ്ക്ക് ഇനി ഞാന്‍ പാട്ട് എഴുതില്ല എന്നുവരെ തീരുമാനിച്ച കാലഘട്ടം.
ആ കാലഘട്ടത്തില്‍ ഞാന്‍ 'ജയിക്കാനായ് ജനിച്ചവന്' എന്ന പേരില്‍ സിനിമയെടുത്തപ്പോള്‍ 'ഹരിഹരന് തോല്ക്കാന് എനിക്ക് മനസ്സില്ല' എന്ന പേരില്‍ സിനിമയെടുത്ത് എന്നെ ഞെട്ടിച്ചു. ഹരിഹരനുമായുണ്ടായ അകല്‍ച്ചയുടെ കാരണക്കാരന്‍ ഞാന്‍ തന്നെയാണെന്ന് പി. ഭാസ്കരന്റെ സ്മരണകള്‍ നിറഞ്ഞു നില്ക്കുന്ന ഈ വേദിയില്‍ വെച്ച് ആദ്യമായി തുറന്നുപറയുകയാണ്. ഓരോ തിരക്കഥയും സൂക്ഷ്മതയോടെ പഠിച്ച് കൈകാര്യം ചെയ്യുന്നതും മറ്റുള്ളവരെ തിരുത്താന്‍ നില്‍ക്കാതെ സ്വയം തിരുത്തി മുന്നേറിയതുമാണ് ഹരിഹരന് മലയാളസിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് '' - ശ്രീകുമാരന്‍തമ്പി പറഞ്ഞു.






