പാട്ന: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ നിയമസഭ പ്രമേയം പാസാക്കി. അതേസമയം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന് വ്യക്തമാക്കി മറ്റൊരു പ്രമേയവും പാസാക്കി. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില ചോദ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത്തരം വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2010-11 കാലയളവില്‍ നടപ്പാക്കിയ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പുതുക്കണം. വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കി ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
2010ലെ മാതൃകയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ല. മാതാപിതാക്കളുടെ ജന്മദിവസം ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ആധാര്‍ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐഡി നമ്പര്‍, മാതൃഭാഷ എന്നിവയാണ് പുതിയ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രകാരം ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.






