
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന കലാപം കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് മാറ്റുന്നു. കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വെയ്ക്കണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ജനങ്ങള്‍ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിക്കണം എന്നും സോണിയ ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രിയായി അമിത്ഷാ തികഞ്ഞ പരാജയമാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ആഭ്യന്തരമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നും ചോദിച്ചു. ഡല്‍ഹിയിലേത് ആസൂത്രിത കലാപമാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്. ജനങ്ങള്‍ വിദ്വേഷരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കലാപം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിശബ്ദത ഞെട്ടിക്കുന്നതാണെന്നും പറഞ്ഞു. പോലീസിന്റെ നിഷ്ക്രിയത്വം ഒരുപാട് ജീവനെടുത്തു. ഡല്‍ഹി സര്‍ക്കാരിനെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നു എന്നും ചോദിച്ചു.
ജനങ്ങളെ ഒരുമയോടെയും സമാധാനത്തോടെയും നില നിര്‍ത്തുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ സര്‍ക്കാരും ഉത്തരവാദിത്വം കാട്ടിയില്ല. സമാധാനവും സാമൂഹിക ഐക്യവും പുലര്‍ത്താന്‍ ഭരണകൂടം ജനങ്ങളിലേക്ക് എത്തിയില്ലെന്നും പറഞ്ഞു. തലസ്ഥാനത്ത് ഒരു വലിയ ദുരന്തം ഉണ്ടാകുകയും അത് അനുദിനം വഷളാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ രണ്ടു സര്‍ക്കാരുകളും തികഞ്ഞ പരാജയമായിരുന്നു. ബുധനാഴ്ച കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റി യോഗം ചേര്‍ന്ന ശേഷമായിരുന്നു സോണിയയുടെ വിമര്‍ശനം.
ചോദ്യശരങ്ങളായിരുന്നു സോണിയ ഉയര്‍ത്തിയത്. ഡല്‍ഹി തെരഞ്ഞെടുപ്പ് അവസാനിച്ച സ്ഥിതിയില്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം എന്ത് റിപ്പോര്‍ട്ടാണ് നല്‍കിയത്? കലാപം സ്വാഭാവികമായി ഉണ്ടായതാണെന്നാണ് ആഭ്യന്തരമന്ത്രാലയം പറഞ്ഞത്. അതോ ആരെങ്കിലും പ്രേരണ നല്കിയതാണോ? ഞായറാഴ്ച കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ട് മതിയായ സുരക്ഷാ വിഭാഗത്തെ വിന്യസിപ്പിച്ചില്ല? കാര്യങ്ങള്‍ ഡല്‍ഹി പോലീസിന്റെ കയ്യില്‍ നിന്നും വഴുതുകയാണെന്ന് മനസ്സിലായിട്ടും എന്തുകൊണ്ട് കൂടുതല്‍ സുരക്ഷാ സേനയെ വിളിച്ചില്ല? ഞായറാഴ്ച ആഭ്യന്തമന്ത്രി എവിടായിരുന്നു? എന്തു ചെയ്യകുയായിരുന്നു? ഡല്‍ഹി മുഖ്യമന്ത്രിയും എവിടായിരുന്നു ? തുടങ്ങിയ ചോദ്യങ്ങളാണ് സോണിയ നടത്തിയത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഗുലാംനബി ആസാദ്, പ്രിയങ്കാഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുത്തു, അദ്ദേഹം വിദേശത്തായതിനാല്‍ രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുത്തില്ല. ഡല്‍ഹി തെരഞ്ഞെടുപ്പിനും ഏതാനും ദിവസം മുമ്പ് വരെയും ബിജെപി നേതാക്കള്‍ നടത്തിയ വിദ്വേഷപ്രസംഗമാണ് കലാപത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്ന ആരോപണം.






