
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നൈജീരിയക്കാരന് സാമുവല്‍ റോബിന്‍സണ്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിനിമ മികച്ച വിജയം നേടിയതിന് പിന്നാലെ ഉയര്‍ന്നുവന്ന പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സാമുവലിനെ അന്ന് വാര്‍ത്തകളില്‍ നിറച്ചത്. പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി പിന്നീട് അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. അന്ന് മുതല്‍ മലയാളികളുടെ സുഡുമോന് ആണ് സാമുവല്‍.
സോഷ്യല്‍ മീഡിയയില്‍ നിരന്തരം സാമുവല്‍ വിശേഷങ്ങള്‍ പറഞ്ഞ് രംഗത്തെത്തുമായിരുന്നു. ഇടക്ക് സിനിമയില്‍ അഭിനയിക്കാനുള്ള താല്പര്യവും വെളിപ്പെടുത്തി. കുറച്ച് നാള്‍ക്ക് മുന്‍പ് ജീവിതം മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് സാമുവല്‍ എത്തിയുരുന്നു. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സാമുവല്‍ പറഞ്ഞിരുന്നു.
ഇതൊക്കെ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്കെത്തിയിരിക്കുകയാണ് സാമുവല്‍. തന്റെ കാമുകിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് അദ്ദേഹം. ഒഡീഷ സ്വദേശിയായ അഭിഭാഷക ഇഷാ പാട്രിക് ആണ് സാമുവലിന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സുഹൃത്ത് വഴി പരിചയപ്പെട്ട് ഇഷയുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയായിരുന്നു.






