
ന്യൂഡല്‍ഹി: നഗരം കത്തിയെരിഞ്ഞ വര്‍ഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അടിയന്തിരമായി സ്ഥലം മാറ്റിയ നടപടി ഉയര്‍ത്തിയിരിക്കുന്ന വിവാദം ചെറുതല്ല. 35 പേരുടെ മരണത്തിന് ഇടയാക്കിയ ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുള്ള ഒരു ഹർജിയുടെ അടിയന്തര ഹിയറിങിനിടെ തിരക്കിട്ട് ഇങ്ങനെയൊരു സ്ഥലംമാറ്റ ഉത്തരവ് രാഷ്ട്രീയ ലാക്കോടെയാണെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്.
ഡല്‍ഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന മൂന്നാമത്തെ ജഡ്ജിയായ ജസ്റ്റിസ് മുരളീധര്‍ "ഈ കോടതി കണ്ടതിൽ വെച്ച് ഏറ്റവും നട്ടെല്ലുള്ള ന്യായാധിപരിലൊരാൾ" അദ്ദേഹത്തെ സ്ഥലം മാറ്റിയ നടപടി "ഈ സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതും പൊതുജനങ്ങൾക്ക് നീതിപീഠത്തിലുള്ള വിശ്വാസം ഇല്ലാതാക്കുന്ന തരത്തിലുള്ളതും" ആണെന്ന് ബാർ അസോസിയേഷൻ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.
ഭരണകൂട ഭീകരതകള്‍ക്കെതിരേ ധെെര്യപൂർവ്വം ശബ്ദമുയർത്തിയ നീതിപാലകന് എന്നാണ് ജസ്റ്റീസ് മുരളീധറിനെ കുറിച്ചുള്ള വിശേഷണം. അശരണരും നിസ്സഹായരും ശബ്ദമില്ലാത്തവരുമായ പാവപ്പെട്ടവർക്ക് എന്നും, നീതിക്കുവേണ്ടി സംസാരിച്ച അദ്ദേഹം 1984 സെപ്റ്റംബറിലാണ് ചെന്നൈയിൽ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. 1987 -ൽ അദ്ദേഹം തന്റെ പ്രാക്ടീസ് സുപ്രീം കോടതിയിലേക്കും, ദില്ലി ഹൈക്കോടതിയിലേക്കും മാറ്റി.
ഭോപ്പാൽ വാതക ദുരന്തത്തില്‍ ഇരകളുടേയും നർമദാ അണക്കെട്ടുകാരണം കിടപ്പാടം നഷ്ടമായവരുടേയും ശബ്ദമായതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കോൺസൽ ആയിരുന്നു. 2002 മുതൽ ഇന്ത്യൻ ലോ കമ്മീഷന്റെയും പാർട്ട് ടൈം മെമ്പർ ആണ് ജസ്റ്റിസ് എസ് മുരളീധർ.
2006 ലാണ് അദ്ദേഹത്തെ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്. ഭീമ കൊറൊഗാവ് കേസില്‍ അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്ത്തകന് ഗൗതം നവ്ലഖയുടെ റിമാന്‍ഡ് പിന്‍വലിച്ചതും 1984 ലെ സിഖ് കലാപത്തിലെ പ്രതി സജ്ജന്‍കുമാറിനെ ശിക്ഷിച്ചതും അദ്ദേഹമായിരുന്നു. അദ്ദേഹം അംഗമായ ബഞ്ചായിരുന്നു 2009 ല്‍ സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമല്ലാതാക്കിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ പൊതുതാല്പര്യ ഹർജി രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ഹർജിയാണെന്നു പറഞ്ഞു മാറ്റിനിർത്തിയതും അദ്ദേഹമായിരുന്നു. സുപ്രീം കോടതിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന വിധിപ്രഖ്യാപനത്തിലും മുരളീധര്‍ ഉൾപ്പെട്ടിരുന്നു.
ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിര്‍ന്ന ചീഫ് ജസ്റ്റീസായിരുന്ന അദ്ദേഹത്തെപ്പോലെ ഇത്രയും സർവീസുള്ള ഒരു ജഡ്ജിയെ സ്ഥലം മാറ്റുന്നെങ്കിൽ കീഴ്വഴക്കം അനുസരിച്ച് അത് മറ്റേതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ വേണ്ടി ആകണമായിരുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. എന്നാൽ, ഈ സ്ഥലംമാറ്റത്തെപ്പറ്റി പറഞ്ഞു കേൾക്കുന്ന ഒരു ന്യായം, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ രണ്ടാമത്തെ ജസ്റ്റീസാക്കി ഉയര്‍ത്തിക്കൊണ്ടു പിന്നീട് ചീഫ് ജസ്റ്റീസാക്കി മാറ്റാന്‍ വേണ്ടിയാണെന്നാണ്. എന്നാല്‍ ഹർജിയുടെ അടിയന്തര ഹിയറിങിനിടെ തിരക്കിട്ട് അദ്ദേഹത്തിന് ഇങ്ങനെയൊരു സ്ഥലംമാറ്റ ഉത്തരവ് കൈമാറിയത് രാഷ്ട്രീയലക്ഷ്യമാണെന്നാണ്.
നേരത്തെ തന്നെ എസ്. മുരളീധറിനെ സ്ഥലം മാറ്റാനുള്ള സുപ്രിം കോടതി കൊളീജിയത്തിന്റെ തീരുമാനം പുറത്തുവന്നിരുന്നു. ഇതിനെതിരെ ദല്‍ഹി ഹൈക്കോടതി അഭിഭാഷകര്‍ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചത്. സുപ്രീം കോടതി കൊളീജിയത്തിന്റെ ഈ വിവാദ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി ബാർ അസോസിയേഷൻ നേരിട്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇത് നീതിയുക്തമായ നിലപാട് എടുക്കുന്ന ന്യായാധിപന്മാരുടെ മനോവീര്യം തകര്‍ത്തു കളയുമെന്നാണ് ബാര്‍ അസോസിയേഷന് പറയുന്നത്.






