
കോഴിക്കോട് : കൂടത്തായി കൊലക്കേസ് മുഖ്യപ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ജയില്‍ മേധാവി ഋഷിരാജ് സിങ്. ജയിലില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ജോളിയുടെ ആത്മഹത്യ പോലീസ് അന്വേഷിക്കും. ആവശ്യമെങ്കില്‍ ജോളിക്ക് കൗണ്‍സിലിങ് നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ അടിയന്തരമായി സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് വടക്കന്‍ മേഖലാ ജയില്‍ ഡിഐജിയുടെ നിര്‍ദേശം. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി കാമറ സ്ഥാപിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഈ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്കു മാത്രം നിരീക്ഷിക്കാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. കാമറ സ്ഥാപിക്കുന്നത് എത്രയും വേഗമാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടെ, ഇന്നലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ജോളിയെ ജോളിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ഇപ്പോള്‍ കൈയ്യിലുണ്ടായിട്ടുള്ള മുറിവ് കല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണെന്നും രണ്ടു ദിവസത്തിനകം ജോളിക്ക് ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. നിലവില്‍ ജോളിയെ പ്രത്യേക വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
രാവിലെ അഞ്ചുമണിയോടെയാണ് ജോളിയെ രക്തം വാര്‍ന്ന നിലയില്‍ സെല്ലിനുള്ളില്‍ കണ്ടെത്തിയത്. ജയില്‍ അധികൃതര്‍ തന്നെയാണ് ജോളിയെ ആശുപത്രിയില്‍ എത്തിച്ചത്. കൈഞരമ്പ് കടിച്ചു മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളി പറയുന്നത്. പല്ലുകൊണ്ട് കൈയ്യിലെ ഞരമ്പ് കടിച്ചു മുറിച്ചുവെന്നും ടൈലില്‍ ഉരച്ച് മുറിവ് വലുതാക്കിയെന്നുമാണ് ജോളി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, ഈ മൊഴി വിശ്വസനീയമല്ലെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്.
ജയിലില്‍ ജോളിയുടെ സെല്ലില്‍ അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തി. എന്നാല്‍, ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച വസ്തുക്കളൊന്നും സെല്ലില്‍ നിന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.






