ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ അക്രമികള്‍ ചുട്ടെരിച്ചതില്‍ രാജ്യം കാക്കുന്ന ജവാന്റെ വീടും. ഖജൂരി ഖാസിലുള്ള ബി.എസ്.എഫ് ജവാന് മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ തീയിട്ടത്. ഫെബ്രുവരി 25നായിരുന്നു മുഹമ്മദ് അനീസിന്റെ വീടിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ മുസ്ലീം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് ജവാന് ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വച്ചതിനാല്‍ ആക്രമിക്കില്ലെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വീടടക്കം അക്രമികള്‍ കത്തിച്ചുവെന്ന് അനീസ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമികള്‍ വീടിന് മഒന്നില് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ച് നശിപ്പിച്ചു. പിന്നീട് വീടിന് നേരെ കല്ലെറിഞ്ഞു. ഇവിടെ വാടാ പാക്കിസ്ഥാനി, ഞങ്ങള്‍ നിനക്ക് പൗരത്വം തരാം എന്ന് ആക്രോശിച്ചുകൊണ്ടാണ് കലാപകാരികള്‍ വീടിന് നേരെ ആക്രമണം നടത്തിയതെന്ന് മുഹമ്മദ് അനീസ് പറഞ്ഞു. ഇതിന് പിന്നാലെ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു.
ആക്രമണ സമയത്ത് മുഹമ്മദ് അനീസ്, പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന് മുഹമ്മദ് അഹമ്മദ്, സഹോദരി പര്‍വീണ്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ എത്തിയതോടെ ഇവര്‍ ഓടിരക്ഷപെട്ടു. പാരാമിലിട്ടറി സംഘവും സഹായത്തിനെത്തി. വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കെട്ടിടത്തിന്റെ കരിഞ്ഞ അവശിഷ്ടം മാത്രമേയുള്ളൂവെന്ന് മുഹമ്മദ് അനീസ് പറഞ്ഞു. അനീസിന്റെ വീട് ഉള്‍പ്പെടെ 35 വീടുകള്‍ അക്രമികള്‍ തീയിട്ടുനശിപ്പിച്ചു. വീട് അടക്കം മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടതായും മുഹമ്മദ് അനീസ് പറഞ്ഞു.






