ന്യൂഡല്‍ഹി: സി.പി.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ അധ്യക്ഷനുമായ കനയ്യ കുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി നല്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കനയ്യയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസിലാണ് നടപടി. ജെ.എന്‍.യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കേസ്.
2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നത് സംബന്ധിച്ച നിലപാട് അറിയിക്കണമെന്ന് ഡല്‍ഹി കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജ്രിവാള് അനുമതി നല്‍കിയത്. ഫെബ്രുവരി 19നാണ് കോടതി സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്. കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന അവസാന വിചാരണയില്‍ പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച ഫയല്‍ അന്നത്തെ ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്റെ പരിഗണനയിലാണെന്നും ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ അധികാരം നിലനിര്‍ത്തിയ എ.എ.പി സര്‍ക്കാരില്‍ സത്യേന്ദര്‍ ജെയ്ന്‍ തന്നെയാണ് വീണ്ടും ആഭ്യന്തര വകുപ്പ് ലഭിച്ചിരിക്കുന്നത്.






