
ന്യുഡല്‍ഹി: കനയ്യ കുമാറിനെയും ഒമ്പത് സഹപ്രവര്ത്തകരിനെയും 2016ല്‍ ചുമത്തിയ രാജ്യദ്രോഹകുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി.ചിദംബരം. രാജ്യദ്രോഹം ചുമത്തുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ പോലെതന്നെ ഡല്‍ഹി സര്‍ക്കാരിനും ബോധ്യമുണ്ട്. കേന്ദ്രത്തേക്കാള്‍ മോശമായാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കനയ്യ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 124എ, 120ബി എന്നിവ പ്രകാരം പ്രോസിക്യൂഷന് അനുമതി നല്‍കിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.
രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. അത് ദുരുപയോഗിക്കുന്നുണ്ട്. ഏതൊരു സംഭവവും അനാവശ്യമായി മാറാമെന്നും ചിദംബരം പറഞ്ഞു.
പൊതു സമ്മര്‍ദ്ദത്തിനൊടുവിലാണ് കനയ്യ കുമാറിനെയും മറ്റുള്ളവരേയും പ്രോസിക്യുട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒടുവില്‍ അനുമതി നല്‍കിയതെന്ന് ബി.ജെ.പി ഇന്നലെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം മാറ്റിവച്ച ഈ തീരുമാനം ഒടുവില്‍ അംഗീകരിക്കാന്‍ കെജ്രിവാള് നിര്‍ബന്ധിതനായെന്ന് കേരന്ദമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ സ്മരണയില്‍ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജെ.എന്‍.യു കാമ്പസില്‍ പ്രകടനം നടത്തിയെന്നും രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചെന്നുമാണ് കേസ്. 2019 ജനുവരി 14നാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
കനയ്യ കുമാറിനെ 2016 ഫെബ്രുവരി 12ന് അറസ്റ്റു ചെയ്തുവെങ്കിലും മാര്‍ച്ച് മൂന്നിന് ജാമ്യത്തില്‍ വിട്ടു. ഓഗസ്റ്റ് 26ന് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ എന്നിവര്‍ക്ക് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. 2018ല്‍ സി.പി.ഐയില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തനിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കാന് ഡല്‍ഹി സര്‍ക്കാര്‍ തെരഞ്ഞെടുത്ത സമയം സംശയാസ്പദമാണെന്ന് കനയ്യ കുമാര്‍ പ്രതികരിച്ചു. അതിവേഗ കോടതിയില്‍ എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം. രാജ്യദ്രോഹകുറ്റം ചുമത്തിയതും വലിച്ചുനീട്ടുന്നതും രാഷ്ട്രീയ നേട്ടത്തിനാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.






