
ജയ്പൂര്‍: യൂറോപ്പില്‍ കോവിഡ് 19 കനത്ത നാശം വിതയ്ക്കുന്ന ഇറ്റലിയില്‍ കുടുങ്ങി 85 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഇതിനകം കൊറോണ വൈറസ് ബാധ മൂലം 17 പേര് കൊല്ലപ്പെട്ട ഇറ്റലിയിലെ വടക്കന്‍ നഗരമായ ലൊംബാര്‍ഡിയിലെ സര്‍വകലാശാല നഗരമായ പാവിയയില്‍ ഒരാഴ്ചയായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. എത്രയും വേഗത്തില്‍ തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എസ്ഒഎസ് അയച്ചു.
ഏതാനും പേര് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും പല വിമാനങ്ങളും യാത്രകള്‍ ക്യാന്‍സല്‍ ചെയ്തത് തിരിച്ചടിയായി. പാവിയാ സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് വകുപ്പില്‍ ടീച്ചിംഗ് സ്റ്റാഫില്‍ പെടാത്തവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഭീതിയിലാണ് ഇവര്‍. സര്‍വകലാശാലയില്‍ മാത്രം ഏകദേശം 15 പേര്‍ക്കോളം രോഗം കണ്ടെത്തിയിരിക്കുകയാണ്.
കുടുങ്ങി കിടക്കുന്നവരില്‍ പകുതി പേരോളം ഇന്ത്യയിലേക്ക് മടങ്ങാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ദിനംപ്രതി പല ഫ്ളൈറ്റുകളും ക്യാന്‍സല്‍ ചെയ്യുകയാണ്. ഇവരുടെ ഭക്ഷണവും വെള്ളവും അനുദിനം തീരുകയാണ്. കൊറോണ നിയന്ത്രണം മൂലം കടകളില്‍ പലയിടത്തും ആഹാര സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും തങ്ങളെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി കേന്ദ്ര ഇടപെടല്‍ വേണമെന്നും കുട്ടികള്‍ പറയുന്നു.
പാവിയയില്‍ കുടുങ്ങിയിരിക്കുന്ന 85 പേരില്‍ കേരളത്തില്‍ നിന്നുള്ള നാലു പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നും 15 പേര്, ഡല്‍ഹിയില്‍ നിന്നും രണ്ടുപേര്‍ രാജസ്ഥാന്, ഗുര്‍ഗോണ്‍, ഡറാഡൂണ്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും. ഏറ്റവും കൂടുതല്‍ പേര് തെലുങ്കാനയില്‍ നിന്നുമാണ്. 25 പേര്, കര്‍ണാടകത്തില്‍ നിന്നും 20 പേരും കുടുങ്ങിയവരില്‍ ഉണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് വഴിയുള്ള വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗ്ഗം സ്വീകരിച്ചാലും കൂടുതല്‍ ദിവസമെടുക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രതിസന്ധി.






