
ന്യുഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ച് തന്നെ ഹര്‍ജികള്‍ കേള്‍ക്കും. ഏഴംഗ ബെഞ്ച് കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ജസ്റ്റീസ് എം.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
അനുഛേദം 370 മായി ബന്ധപ്പെട്ട 1959ലെ പ്രേംനാഥ് കൗള്‍/ ജമ്മു കശ്മീര്‍, 1970ലെ സമ്പത്ത് പ്രകാശ്/ ജമ്മു കശ്മീര്‍ കേസുകളിലെ വിധികളില്‍ വൈരുദ്ധ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിധികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഏഴംഗ ബെഞ്ച് കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.
എന്‍.ജി.ഒ സംഘടനയായ യുണിയണ്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്, ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന് തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. നേരത്തെ ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 1959ലെയും 1970ലെയും വിധികളില്‍ അനുഛേദം 370 ല്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് ജസ്റ്റീസ് എം.വി രമണയുടെ ഭരണഘടനാ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചിരുന്നു.
അതേസമയം, അനുഛേദം 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും അത് എന്നത്തേക്കാണെന്ന് വ്യക്തത നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അനുഛേദം 370 റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.






