ന്യൂഡല്‍ഹി: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണന് ആര്യ എന്നിവരുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പി.പി കപൂര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. പാനിപ്പത്ത് സ്വദേശിയായ പി.പി കപൂര്‍ ജനുവരി ഇരുപതിനാണ് വിവരാവകാശ അപേക്ഷ നല്‍കിയത്.
തങ്ങളുടെ കൈവശമുള്ള രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മറുപടി നല്കി. പൗരത്വം സംബന്ധിച്ച രേഖകള്‍ ഒരുപക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായേക്കാമെന്നും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പൂനം റാഠി കൂട്ടിച്ചേര്‍ത്തു.






