
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ പ്രതാപ് പോത്തന് മന്ത്രവാദ പാവയായാകും ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക. സിനിമ ഇപ്പോള്‍ പ്രിപ്രൊഡക്ഷന്‍ സ്റ്റേജിലാണെന്നും ലാലിന്റെ ആദ്യസംവിധാന സംരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രതാപ് പോത്തന് പറഞ്ഞു.
അനിമേഷന്‍ സാങ്കേതിക വിദ്യയോടെയുള്ള മന്ത്രവാദ പാവയുടെ ശബ്ദമാകും ചിത്രത്തില്‍ പ്രതാപ് പോത്തന് നല്‍കുക. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. നവോദയ ജിജോ തിരക്കഥ എഴുതുന്ന ഈ ചിത്രം ലോക നിലവാരത്തില്‍ ഉള്ള ഒരു ത്രീഡി ചിത്രമായാണ് ഒരുങ്ങുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നും വാസ്കോ ഡ ഗാമ എത്തിച്ച രത്നങ്ങളുടെയും സുവര്‍ണ നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കാനായി ഗാമ നല്കിയ നിധി, ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.
ഒരുദിവസം തീരത്തേക്കൊരു കുട്ടി ഗാമയെ തേടിവന്നു. ഗാമയുടെ പിന്തുടര്ച്ചക്കാരന് താനാണെന്ന് അവന് പറയുമ്പോള്‍ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.
ബറോസിന് ക്യാമറ ചലിപ്പിക്കുന്നത് കെ.യു. മോഹനന്. തലാഷ്, ഡോണ്‍, റയീസ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ മോഹനന് അവസാനമായി മലയാളത്തില്‍ ചെയ്തത് കാര്‍ബണ്‍ ആണ്. വിദേശതാരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. ലോകപ്രശസ്ത സംഗീതഞ്ജനായ പതിമൂന്നുകാരന് ലിഡിയന് നാദസ്വരമാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.






