
കൊച്ചി : മരടില്‍ പൊളിച്ചു നീക്കിയ ഫ്ളാറ്റുകള്‍ക്കുള്ള നഷ്ടപരിഹാരം 75 ശതമാനവും കൊടുത്തുതീര്‍ത്തതായി ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ കമ്മറ്റി. ഓരോ ഫ്ളാറ്റ് ഉടമയ്ക്കും 25 ലക്ഷം രൂപ വീതം നല്‍കാനാണു സുപ്രീം കോടതിയുടെ നിര്‍ദേശമെന്നും ഓരോ ഫ്ളാറ്റിനുമല്ലെന്നും കമ്മറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
ഒരാളുടെ പേരില്‍ എത്ര ഫ്ളാറ്റുണ്ടെങ്കിലും നഷ്ടപരിഹാരം 25 ലക്ഷ രൂപയായിരിക്കും.
മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലെ ഇടക്കാല ഹര്‍ജിയിലാണു കമ്മറ്റിയുടെ വിശദീകരണം. തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്കു നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു മേജര്‍ രവി ഹര്‍ജി നല്‍കിയത്.
ഫ്ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള കമ്മറ്റിയുടെ പ്രവര്‍ത്തനത്തിനു വേഗം പോരെന്നു അതിനാല്‍ പ്രത്യേക ട്രിബ്യൂണലോ കോടതിയോ സ്ഥാപിക്കണമെന്നാണു ഇടക്കാല ഹര്‍ജിയിലെ ആവശ്യം. ആല്‍ഫാ സെറിന്‍ ഫ്ളാറ്റിലെ ഒമ്പത് അപ്പാര്‍ട്ട്മെന്റ് ഉടമകളാണ് ഇടക്കാല ഹര്‍ജി നല്‍കിയിട്ടുള്ളത്.
കമ്മിറ്റിയുടെ പോരായ്മകളെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ കമ്മറ്റിക്കു പകരം മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാര്‍ പറയുന്നില്ലെന്നു വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടുന്നു. 245 ഫ്ളാറ്റ് ഉടമകളാണു നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. 256 ഫ്ളാറ്റ് ഉടമകളെയാണു കണ്ടെത്തിയത്. ചില ഫ്ളാറ്റിനു ഒരു ടൈറ്റില്‍ ഡീഡ് മാത്രമേയുള്ളൂ. ഓരോ ഫ്ളാറ്റിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കണമെങ്കില് സുപ്രീംകോടതി നിര്‍ദേശിക്കണം. അപേക്ഷിച്ചവരില്‍ ഒരാള്‍ക്ക് അഞ്ചു ഫ്ളാറ്റും ഏഴുപേര്‍ക്കു രണ്ടു ഫ്ളാറ്റ് വീതവുമുണ്ട്.
അപേക്ഷകളില്‍ 80 ശതമാനം അപേക്ഷകളും തീര്‍പ്പാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവ ഇന്നും 9, 12, 19 തീയതികളിലുമായും പരിഗണിക്കും. ഇത്രയും വേഗം നഷ്ടപരിഹാരം ലഭിക്കുമെന്ന് അപേക്ഷിച്ചവര്പോലും പ്രതീക്ഷിച്ചിരിക്കില്ല. അതിനാല്‍ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരെന്ന പരാതിക്ക് അടിസ്ഥാനമില്ല. 25 ലക്ഷം മാത്രമല്ല ബാക്കി തുക കൂടി എത്രയുംവേഗം ലഭ്യമാക്കണമെന്നാണ് പരാതിക്കാരുടെആവശ്യം. ഇതിനു പരിമിതികളുണ്ട്.
ഇതെങ്ങനെ വേണമെന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശം ആവശ്യമാണ്. ബാക്കി തുക ഈടാക്കിയെടുക്കേണ്ടത് ബില്‍ഡര്‍മാരില്‍നിന്നു വേണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതെന്നും വിശദീകരണത്തില്‍ പറയുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിനെയും എതിര്‍കക്ഷിയാക്കിയിട്ടുണ്ട്. സര്‍ക്കാരിനുവേണ്ടിയാണ് കമ്മറ്റി വിശദീകരണം നല്‍കിയത്.
കോടതിയലക്ഷ്യക്കേസ് 23നു വീണ്ടും പരിഗണിക്കും. മരടിലെ അനധികൃത ഫ്ളാറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് ഇത്തരത്തില്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിച്ചത്. എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നു കാണിച്ചായിരുന്നു ഫ്ളാറ്റുടമ കൂടിയായ മേജര്‍ രവി കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
ജെബി പോള്‍






