
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'ക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ ബസുടമകൾ രംഗത്ത്. പദ്ധതി നടപ്പിലാക്കിയതോടെ യാത്രക്കാർ കെഎസ്ആർടിസി ബസുകളിലേക്ക് മാറിയത് സ്വകാര്യ ബസ് മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വരുമാനത്തിൽ വലിയ ഇടിവുണ്ടായതോടെ കാസർകോട് ഇരുപതോളം ബസുകൾ ഇതിനകം സർവീസ് നിർത്തിവെച്ചു. ജൂലൈ ഒന്നുമുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കാനാണ് ഉടമകളുടെ തീരുമാനം.
കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള വിവിധ റൂട്ടുകളിൽ സ്ഥിതി അതീവ ഗുരുതരമാണ്. കാസർകോടുനിന്ന് കർണാടകയിലേക്കുള്ള ബസ് റൂട്ടുകളിൽ സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകൾ പൂർണ്ണമായും ഒഴിവാക്കുന്നതായി ഉടമകൾ പറയുന്നു. സർക്കാർ നൽകുന്ന തുച്ഛമായ സബ്‌സിഡിയും ശമ്പളം നൽകാനുള്ള ബുദ്ധിമുട്ടും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ റൂട്ടുകളിലും സമാനമായ രീതിയിൽ നൂറിലധികം സർവീസുകൾ നിർത്തിവെക്കാനുള്ള നീക്കത്തിലാണ് ബസുടമകൾ.
പ്രത്യേകിച്ച് കോഴിക്കോട് നിന്ന് പാലക്കാട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് ദിവസേന 4000 മുതൽ 6000 രൂപ വരെ നഷ്ടം നേരിടുന്നതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുമ്പോൾ, അവരോടൊപ്പമുള്ള പുരുഷ യാത്രക്കാരും അതേ ബസുകൾ തിരഞ്ഞെടുക്കുന്നതാണ് സ്വകാര്യ ബസുകളിലെ തിരക്ക് കുറയാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
കുറ്റ്യാടി, താമരശ്ശേരി, വടകര, കൊയിലാണ്ടി തുടങ്ങിയ ഉൾപ്രദേശങ്ങളിലെ സർവീസുകളെല്ലാം വലിയ നഷ്ടം സഹിച്ചാണ് ഇപ്പോൾ നടക്കുന്നത്. പ്രശ്നപരിഹാരത്തിനായി ബസ് ചാർജ് വർധിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നുമാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ സമരത്തിലേക്ക് കടക്കുന്നില്ലെങ്കിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകുന്നു.






