
പാലാ : ക്ഷേത്രോത്സവങ്ങളിലെ എഴുന്നള്ളത്തുകള്ക്കു മാറ്റുകൂട്ടാന്‍ ഇനി ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയുടെ സഹായവും. എല്‍.ഇ.ഡി. തീവെട്ടിയാണ് ഉത്സവപ്പറമ്പുകളിലെ താരമായിരിക്കുന്നത്. കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ഉത്സവത്തോടനുബന്ധിച്ചാണ് എല്‍.ഇ.ഡി. തീവെട്ടിയുടെ രംഗപ്രവേശം.
ബുധനാഴ്ച രാത്രി നടന്ന വിളക്കിനെഴുന്നള്ളത്തില് തിടമ്പേറ്റിയ ഭഗവാനു മുന്നില്‍ സാധാരണയുള്ള രണ്ടു തീവെട്ടികള്ക്കൊപ്പം ആദ്യമായി എല്‍.ഇ.ഡി. തീവെട്ടിയും സ്ഥാനംപിടിച്ചു. ഇരുമ്പ് പൈപ്പിന്റെ അറ്റത്തു സാധാരണ തീവെട്ടി കത്തുന്നതുപോലെ തോന്നിക്കുന്ന അഞ്ച് നാളങ്ങളുള്ള എല്‍.ഇ.ഡി. ബള്‍ബുകളാണ് കത്തുന്നത്. ബള്‍ബ് കത്താനാവശ്യമായ വൈദ്യുതി എത്തുന്നത് പൈപ്പില്‍തന്നെ ഉറപ്പിച്ചിട്ടുള്ള ബാറ്ററിയില്‍നിന്നാണ്.
ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍നിന്നു മൂന്നു മണിക്കൂര്‍ എല്‍.ഇ.ഡി. തീവെട്ടി കത്തിക്കാനാകും. ഒരാളുടെ ആവശ്യമേ തീവെട്ടി പ്രവര്ത്തിപ്പിക്കാനാവശ്യമുള്ളൂ. സാധാരണ തീവെട്ടികളില്‍ തുണികൊണ്ട് പന്തമുണ്ടാക്കി എണ്ണ ഒഴിച്ചാണ് കത്തിക്കുന്നത്. ഇടയ്ക്കിടെ എണ്ണ ഒഴിക്കാന്‍ തീവെട്ടി പിടിത്തക്കാര്‍ക്കു പുറമേ മറ്റാളുകള്‍ വേണം. എല്‍.ഇ.ഡി. തീവെട്ടി നിര്‍മ്മിക്കാന്‍ 14000 രൂപയോളം ചെലവ് വരും. ഒരു ഭക്തന് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതാണ് പുതിയ എല്‍.ഇ.ഡി. തീവെട്ടി.






