
ലക്നൗ: രണ്ടുകുട്ടികള്‍ തമ്മില്‍ തുടങ്ങിയ അടിപിടി അവസാനിച്ചത് മാതാപിതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍. വഴക്കു മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിയുടെ മാതാവിന്റെ കൈവിരല്‍ അടുത്തയാളുടെ പിതാവ് കടിച്ചുമുറിച്ചു. സ്ത്രീയുടെ ഭര്‍ത്താവിന്റെ കണ്ണില്‍ ഇയാള്‍ കൂര്‍ത്ത ആയുധം കൊണ്ട് കുത്തുകയും ചെയ്തു.
ബുധനാഴ്ചയാണ് സംഭവം. രണ്ടുകുട്ടികള്‍ തമ്മില്‍ ആരംഭിച്ച വഴക്ക് വീട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പരസ്പരം അസഭ്യങ്ങള്‍ പറയാന്‍ ആരംഭിച്ച വീട്ടുകാര്‍ പ്രകോപിതരായതിനെ തുടര്‍ന്ന് ആക്രമണം നടത്തുകയായിരുന്നു. വഴക്കിനിടയിലാണ് ഒരു കുട്ടിയുടെ പിതാവ് മറ്റേയാളുടെ അമ്മയുടെ കൈവിരല്‍ കടിച്ചുമുറിച്ചത്.
ഇയാള്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ കണ്ണില്‍ കൂര്‍ത്ത ഉപകരണം കൊണ്ട് കുത്തികയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്കായി തെരച്ചില്‍ നടത്തുകയാണെന്ന് പോലീസ് ഓഫീസര്‍ രവീന്ദ്ര സിങ് പറഞ്ഞു.






