
അബുദാബി/റിയാദ് : എട്ടംഗ മലയാളി സംഘത്തിന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം. സൗദിയിലെ നജ്റാനില്‍ സമായ അല്‍ അദ കമ്പനിയിലെ സൈറ്റ് സൂപ്പര്‍വൈസറായ മോഹന്‍ കുമാര്‍ ചന്ദ്രദാസിന്റെ പേരില്‍ എടുത്ത ടിക്കറ്റിലൂടെയാണ് 19.82 കോടിയോളം രൂപ മലയാളികള്‍ക്കായി ലഭിച്ചത്. ഇതേ കമ്പനിയുടെ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുന്ന വിനീഷ് ബാലന് പെരുമ്പടപ്പ് മലപ്പുറം, ശശിധരന് ലഞ്ജിത് ആര്‍പ്പൂക്കര, ശ്യാം സുന്ദര്‍ വടുതല കൊച്ചി, ഭാസ്കരന് റബീഷ് പെരുമ്പടപ്പ് മലപ്പുറം, സൂരജ് ആര്യാട് ആലപ്പുഴ, അരുണ്‍ദാസ് പിവി പാലക്കാട്, ജിത്തുബേബി നെടുമ്പാശേരി എന്നിവരാണ് മറ്റുള്ളവര്‍.
ഓരോരുത്തരും തുല്യമായി 66.25 റിയാല്‍ വീതമെടുത്താണ് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് തീരുമാനമെന്ന് മോഹന്‍കുമാര്‍ പറയുന്നു. '' ഒരുപാട് കഷ്ടപ്പാടുള്ളവരാണ് ഞങ്ങള്‍. അതില്‍നിന്ന് രക്ഷപ്പെടാനായി മൂന്നാം തവണയാണ് സംയുക്തമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്നത്. സമ്മാനം കിട്ടിയതിലൂടെ രക്ഷപ്പെടുന്നതും എട്ടു കുടുംബമാണ്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. എല്ലാവരും കൂടിയാലോചിച്ച് വേണ്ടതു ചെയ്യും'' മോഹന്‍കുമാര്‍ പറഞ്ഞു. ഒന്‍പത് വര്‍ഷമായി സൗദിയിലെ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്ന മോഹന്‍കുമാര്‍ ഈ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നിട്ട് ഒന്നര വര്‍ഷമായി.
മോഹന്‍ ഗണേശന് (ഒരു ലക്ഷം ദിര്‍ഹം), ലൈല സുരേഷ് (90,000), ഇലാമെല് ദീന് അബ്ദുല്‍ വഹാബ് (80,000), കേശവന് ഷെട്ടി (70,000), മോഹനന് (50,000), അബ്ദുല്വാലിഖാന് നാസിര്‍ ഗുല്‍ (30,000), നന്ദുകണ്ടില് പറമ്പില്‍ സജിത് (20,000), സണ്ണി ദേവസിക്കുട്ടി (10,000), മയന്നെ കസഡോര് (10,000) എന്നിവരാണ് മറ്റു വിജയികള്‍.






