
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ധിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരം മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വിസ്താരം മാറ്റിയത്. മറ്റന്നാള്‍ ബിന്ദു പണിക്കരെ വിസ്തരിക്കും. സിദ്ധിഖിനെ വിസ്തരിക്കുന്ന തീയതി കോടതി പിന്നീട് അറിയിക്കും.
ഇതിനിടെ, നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. ഭാമ മൊഴി നല്‍കാനായി കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നുവെങ്കിലും പ്രോസിക്യൂഷന് അകൗസര്യം അറിയിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് പതിമൂന്നാം തീയതിയിലേയ്ക്കാണ് വിസ്താരം മാറ്റിയത്.
ആക്രമണത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ ദിലീപിന് ഉണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് പ്രോസിക്യൂഷന് മൊഴി എടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങള്‍ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിന് ഇരയായ നടി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഭാമയേയും സാക്ഷിയാക്കിയത്.
എന്നാല്‍, കേസിലെ പ്രോസിക്യൂഷന് സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പോലീസിന് നല്കിയ മൊഴിയില്‍ നിന്നായിരുന്നു ദിലീപിന് അനുകൂലമായി ഇടവേള ബാബുവിന്റെ പിന്മാറ്റം.






