
വിദ്യാര്‍ഥികളില്‍ മാനസിക വിഭ്രാന്തി സൃഷ്ടിച്ച് അവരെ വരുതിയിലാക്കാന്‍ പോകുന്ന തരത്തിലുള്ള പുതിയ സൈബര്‍ ഗെയിമിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. കുട്ടികളില്‍ നിന്നു പണം കൂടി തട്ടിയെടുക്കുമെന്നതാണ് ഈ ഗെയിമിന്റെ പ്രത്യേകത. പിശാച് എന്നര്‍ഥം വരുന്ന പേരുള്ള പുതിയ സൈബര്‍ ഗെയിം വിദ്യാര്‍ത്ഥികളെയാണ് ലക്ഷ്യം വെയ്ക്കുന്നത്.
ഈ ഗെയിം കളിയ്ക്കണമെങ്കില് പ്രവേശന ഫീസ് തന്നെ 5000രൂപയാണ്. ഇങ്ങനെ അംഗത്വമെടുത്താല്‍ അവര്‍ ഓരോ ടാസ്കുകളായി ഏല്പിക്കും. ഇതിനിടെ വിവിധ ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെടുകയും ചെയ്യും. കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന്റെ പേരില്‍ വന്ന പരാതികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടത്തിയ പരിശോധനയിലാണു പുതിയ ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ പരിഗണനയ്ക്കു വന്ന ഒരു കേസില്‍ അമേരിക്കയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞാണു പണം തട്ടിയത്. വിദ്യാര്‍ഥി കഴുത്തില്‍ കിടന്ന മാല പണയം വച്ചാണ് പണം നല്‍കിയത്. ഗെയിമിന് അടിപ്പെട്ട വിദ്യാര്‍ഥികള്‍ പണമുണ്ടാക്കാനായി കഞ്ചാവ് മാഫിയയുടെ ഏജന്റുമാരായി വരെ ജോലി ചെയ്യുന്നതായാണു വിവരം. കുട്ടികളെ വലയിലാക്കി പണം തട്ടാന്‍ എത്തിയ സൈബര്‍ ചെകുത്താന്മാരില് നിന്ന് ജാഗ്രത പാലിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.






