തിരുവനന്തപുരം: ഡല്‍ഹി കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് മീഡിയ വണ്‍ ചാനലുകളെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയത് ബി.ജെ.പി നേതാവിന്റെ ഭാര്യയുടെ പരാതിയിലെന്ന് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചാനലുകളെ വിലക്കിയതെന്നാണ് ആരോപണം.
കലാപമേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഹിന്ദു മതത്തിന്റെ സനാതന ധര്‍മ്മത്തെ വികലമാക്കുന്നുവെന്നും ഇവ മതസ്പര്‍ധ വളര്‍ത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് രണ്ട് വാര്‍ത്താ ചാനലുകളെ 48 മണിക്കൂര്‍ വിലക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ ചാനലുകളെ 48 മണിക്കൂര്‍ വിലക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ച്ച് ആറിനാണ് ഉത്തരവിറക്കിയത്. രാത്രി 7.30 മുതലായിരുന്നു വിലക്ക്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കി. ഏഷ്യാനെറ്റ് നിരുപാധികം മാപ്പ് അപേക്ഷിച്ച് കേന്ദ്രത്തിന് വിശദീകരണം നല്‍കിയതായി മന്ത്രി വി. മുരളീധരന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് വിലക്ക് നീക്കിയത്. ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കിയ സാഹചര്യത്തില്‍ തൊട്ടുപിന്നാലെ മീഡിയ വണ്ണിന്റെ വിലക്കും നീക്കി.





