
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നുമാണ് സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചത്.
18 വര്‍ഷത്തെ കോണ്‍ഗ്രസ് വാസം അവസാനിപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേയ്ക്ക് ചുവടുവച്ചത്. സിന്ധ്യയ്ക്കൊപ്പം ചുവടുമാറ്റിയ 21 എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞു.
മുമ്പുണ്ടായിരുനന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി. തന്റെ ജീവിതത്തെ മാറ്റിമറിച്ച രണ്ടു സംഭവങ്ങളാണ് ഉണ്ടായതെന്നും, ഒന്ന് തന്റെ അച്ഛന്റെ മരണവും, രണ്ടാമത്തേത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ.പി. നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്കി. അതിന് നന്ദി പറയുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്തയച്ചത്. മധ്യപ്രദേശില്‍ നിന്നുളള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി അദേഹത്തെ പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്.






