
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73 ആയതായി വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍. ഉത്തര്‍പ്രദേശില്‍ പുതിയതായി ഒമ്പതു കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗം പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനവും വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാജ്യം ഒറ്റപ്പെട്ട നിലയിലായി.
നയതന്ത്ര പ്രതിനിധികള്‍ യുഎന്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായുള്ളവര്‍ തൊഴില്‍ പ്രൊജക്ട് വിസകള്‍ ഒഴികെ എല്ലാത്തരം വിസകളും ഏപ്രില്‍ 15 വരെ നിര്‍ത്തി വെച്ചു. അതേസമയം ഇറാനും ഇറ്റലിയും ഉള്‍പ്പെടെയുള്ള വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് പാര്‍ലമെന്റില്‍ പറഞ്ഞു.
യൂറോപ്പില്‍ വൈറസ് ബാധ രൂക്ഷമായിരിക്കുന്ന ഇറ്റലിയില്‍ ഇന്ത്യന്‍ എംബസി അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്പ് ലൈന്‍ നമ്പറുകളെല്ലാം പ്രവര്‍ത്തനം തുടരും. റോം, ഇറ്റലി, സോള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഈ വിലക്ക് നിലവില്‍ വരും. നേരത്തേ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു വിലക്ക്.
ഇറ്റലിയില്‍ നിന്ന് കൊവിഡ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. കേരളത്തില്‍ 17 ഹരിയാനയില്‍ 14 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍, മഹാരാഷ്ട്രയില്‍ 11 കേസുകള്‍, ഡല്‍ഹിയില്‍ ആറ് കര്‍ണാടകയില്‍ നാല് എന്നിങ്ങനെയാണ് രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണാ പരിശോധനയ്ക്ക് വേണ്ടി രാജ്യത്ത് 52 ലബോറട്ടറികളും 56 കളക്ഷന്‍ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 529 പേരില്‍ പരിശോധനയ്ക്ക് അയച്ച 229 പേരുടെ സാമ്പിള്‍ പരിശോധന നെഗറ്റീവായിരുന്നു. മഹാരാഷ്ട്ര, കശ്മീര്‍, എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോയ 1,100 പേരും 300 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 6000 ഇന്ത്യാക്കാരാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോക്സഭയില്‍ പറഞ്ഞു. ഇവരില്‍ ആദ്യ ബാച്ചായ 52 പേരെ ചൊവ്വാഴ്ച തിരികെ കൊണ്ടുവന്നിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്ന് കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടാഴ്ചയ്ക്കിടെ 13 മടങ്ങാണ് രോഗികളുടെ എണ്ണം കൂടിയത്. ലോകത്തുടനീളമായി ഒരു ലക്ഷം പേര്‍ക്ക് പിടിപെട്ട രോഗം കാരണം 4,500 പേരാണ് മരണത്തിന് കീഴടങ്ങിയത്.





