
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളെ വെള്ളിയാഴ്ച തൂക്കിലേറ്റാനിരിക്കെ ദയാവധത്തിന് അനുമതി തേടി പ്രതികളുടെ ബന്ധുക്കള്‍. മീററ്റ് സ്വദേശി പവന്‍ ജല്ലാദ് ആണ് പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരായി എത്തുക. നാളെ ഹാജരാകാനാണ് ഇയാള്‍ക്ക് തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നാലുപേരെയും ഒരുമിച്ചായിരിക്കും തൂക്കിലേറ്റുക. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് ഇവരെ തൂക്കിലേറ്റാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), അക്ഷയ്കുമാര്‍ സിങ് (31) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശിക്ഷാനടപടികള്‍ വീണ്ടും ആരംഭിച്ചത്.
പ്രതികള്‍ക്ക് ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയിരുന്നു. അക്ഷയ്കുമാറിന്റെ ബന്ധുക്കള്‍ക്കും കൂടിക്കാഴ്ചയ്ക്കായി എത്താന്‍ കത്തയച്ചിട്ടുണ്ട്. മുന്‍പ് മൂന്നു തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികള്‍ ഹര്‍ജികളുമായി കോടതിയെ സമീപിച്ചതും ദയാഹര്‍ജി സമര്‍പ്പിച്ചതുമെല്ലാം ശിക്ഷാനടപടി സ്വീകരിക്കാന്‍ വൈകിപ്പിച്ചു. കോടതിയില്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ടെങ്കില്‍ വധശിക്ഷ നടപ്പാക്കാനാവില്ല എന്നതാണ് ചട്ടം.
പ്രതികളില്‍ പവന്‍ ഗുപ്തയ്ക്ക് വേണമെങ്കില്‍, ദയാഹര്‍ജി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാം എന്നത് മാത്രമാണ് ഇനി അവശേഷിക്കുന്ന ഒരേയൊരു സാധ്യത. ഇത്തരം ഹര്‍ജികള്‍ സുപ്രീംകോടതി അനുവദിക്കുന്നത് വിരളമാണ്. സാധ്യമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്നതാണ് ചട്ടം.
എന്നാല്‍ ഇതിനിടെയാണ് 13 പേര്‍ ഒപ്പിട്ട് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. എന്നാല്‍, ഇതിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. അതുകൊണ്ട് തന്നെ ദയാവധം അനുവദിക്കാനുള്ള സാധ്യതയും കുറവാണ്. വധശിക്ഷ നീട്ടിവയ്ക്കാനുള്ള ശ്രമമാണിതെന്നും ആരോപണമുണ്ട്.






