
ആകര്‍ഷമായ തലമുടി ഏതൊരു സ്ത്രീയുടേയും സ്വപ്നമായിരിക്കും. തലമുടി സ്റ്റൈലിഷാക്കാന്‍ പല ട്രീറ്റ്മെന്റുകളും പരീക്ഷിക്കാന്‍ തയാറാണ് നമ്മളെല്ലാം. സ്ട്രെയിറ്റനിങ്ങും ലെയറിങ്ങുമൊക്കെ ചെയ്ത തലമുടി കാണാന്‍ നല്ല സ്റ്റൈലാണ്. പക്ഷേ, തലമുടിയുടെ അഴക് ദീര്‍ഘകാലം നിലനില്ക്കാന് യോജിച്ച ആരോഗ്യപരിചരണങ്ങളും ആവശ്യമാണ്.
വോളിയമൈസിങ്
കട്ടി കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ട്രീറ്റ്മെന്റ് രീതിയാണ് വോളിയമൈസിങ്. ഓരോ മുടിയിഴകളേയും വെവ്വേറെയെടുത്ത് സംരക്ഷിക്കുന്ന രീതിയാണിത്. വോളിയമൈസിങ്ങ് ക്രീമും സിറവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. തലമുടി ഓരോ ലെയറായി എടുത്ത് ഈ മുടിയിലേക്ക് ആദ്യം ക്രീമും പിന്നീട് സിറവും പുരട്ടും. ഇത് ഓരോ മുടിയിഴകളിലേയും കനം വര്‍ധിപ്പിക്കും. ഇതിലൂടെ കൂടുതല്‍ തലമുടിയുള്ളതായി തോന്നും. ഒരു തവണ ചെയ്താല്‍ ആറുമാസം വരെ ഇത് നിലനില്ക്കും.
കരാറ്റിന്‍ ട്രീറ്റ്മെന്റ്
തലമുടിയുടെ പുറം ഭാഗത്ത് ഒരു ആവരണം പോലെ സംരക്ഷണം നല്കുന്ന ട്രീറ്റ്മെന്റ് രീതിയാണ് കരാറ്റിന്‍. സ്ട്രൈയിറ്റ് ചെയ്ത തലമുടിയിലും സ്മൂത്തനിങ്ങ് ചെയ്ത തലമുടിയിലും സാധാരണ തലമുടിയിലും കരാറ്റിന്‍ ട്രീറ്റ്മെന്റ് ചെയ്യാം. പതിനഞ്ച് വയസിന് മുകളിലുള്ളവര്‍ക്ക് ഈ ട്രീറ്റ്മെന്റ് ചെയ്യാം. മുടിയുടെ പ്രധാന പ്രശ്നങ്ങളായ കട്ടികുറവ്, അറ്റം പിളരല്‍, മുടിക്കായ, പരുപരുപ്പ്, താരന്, ആരോഗ്യമില്ലായ്മ തുടങ്ങിയവ
യെല്ലാം ഈ ട്രീറ്റ്മെന്റിലൂടെ തടയാം. ഒരു തവണ കരാറ്റിന്‍ ട്രീറ്റ്മെന്റ് ചെയ്താല്‍ മൂന്ന് മാസം മുതല്‍ അഞ്ച് മാസം വരെ അതേ രീതിയില്‍ നിലനില്ക്കും.
ഫൈബര്‍ ഗം
ഷോര്‍ട്ട് ഹെയറിന് ഒരു ട്രീറ്റ്മെന്റും വേണ്ടെന്ന് കരുതുന്നവരാണ് മിക്കവരും. ഷോര്‍ട്ട് ഹെയറിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്ന വിദ്യയാണ് ഫൈബര്‍ ഗം. ഏത് സ്റ്റൈലില്‍ ഷോര്‍ട്ട് ചെയ്തതാണെങ്കിലും ആവശ്യങ്ങള്‍ക്കനുസരിച്ച് ഹെയര്‍ സെറ്റ് ചെയ്യാന്‍ ഇത് സഹായിക്കും.
പേരു പോലെ തന്നെ പശരൂപത്തിലുള്ള ക്രീം മുടിയില്‍ തേച്ച് പിടിപ്പിക്കുന്നതാണ് ഈ രീതി. തലയോട്ടിയില്‍ തൊടാതെ താഴേക്കുള്ള മുടിയിഴകളിലാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുക. പെര്‍മനന്റ് രീതിക്ക് പകരം താല്‍ക്കാലികമായി ചെയ്യാനാണ് ആവശ്യക്കാരേറെ. ആവശ്യത്തിന് ശേഷം നന്നായി ഷാംപുവും കണ്ടീഷനറും ഇട്ടാല്‍ മുടി വീണ്ടും പഴയതുപോലെയാകും.
പെപ്പര്‍മിന്റ് ട്രീറ്റ്മെന്റ്
താരന് അകറ്റാന്‍ ഫലപ്രദമായ ചികിത്സാരീതിയാണിത്. താരന് പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മുടികൊഴിച്ചില്‍ ഉള്ളവര്‍ക്കും ഈ ട്രീറ്റ്മെന്റ് തിരഞ്ഞെടുക്കാം.
ഹെയര്‍ സ്പാ
തിളക്കമില്ലാത്ത പരുക്കന്‍ മുടിയിഴകള്‍ക്ക് ഭംഗി കിട്ടാന്‍ ഉള്ള പരിചരണമാണ് ഹെയര്‍ സ്പാ ട്രീറ്റ്മെന്റ്. മുടികൊഴിച്ചില്‍, പൊട്ടിയ മുടി, താരന്, മുടിയിഴയുടെ അറ്റം പിളരുന്നത് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്ക് ഹെയര്‍ സ്പാ പരിഹാരമാണ്. വീട്ടില്‍ സാധാരണയായി എണ്ണയിട്ട് തലയോട്ടിയില്‍ മസാജ് ചെയ്ത ശേഷം ഷാംപൂ ഇട്ട് ഹെയര്‍ സ്പാ ട്രീറ്റ്മെന്റ് ചെയ്യാം. പക്ഷേ, പൂര്‍ണ്ണ ഫലം കിട്ടണമെങ്കില്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ലഭ്യമായ വിദഗ്ധ പരിചരണം തന്നെ വേണം. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ അല്ലെങ്കില്‍ പലതരം എണ്ണകളുടെ കൂട്ട് ഇതിനായി ഉപയോഗിക്കാം.
തലയോട്ടിയില്‍ എണ്ണ ഉപയോഗിച്ചുള്ള മസാജിങ് ആണ് ഹെയര്‍ സ്പാ യുടെ ആദ്യഘട്ടം. ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നു. തുടര്‍ന്ന് മുടിക്ക് കണ്ടീഷനിങ് ട്രീറ്റ്മെന്റ് നല്കുന്നു. ഒടുവില്‍ തണുത്ത വെള്ളത്തില്‍ തലമുടി നന്നായി കഴുകി എടുക്കണം. മുടിയുടെ സ്വഭാവം അനുസരിച്ചാണ് ഒരാള്‍ക്ക് ആവശ്യമായ ഹെയര്‍ സ്പാ ഏതെന്ന് തീരുമാനിക്കുന്നത്.
മൊറോക്കന്‍ സ്പാ
എല്ലാവിധ സ്പായും പോലെ തന്നെ ആദ്യം മുടി നന്നായി കഴുകി വൃത്തിയാക്കുകയാണ് വേണ്ടത്. ശേഷം മൊറോക്കന്‍ അര്‍ഗന്‍ ഓയിലും ക്രീമും യഥാവിധം മിക്സ് ചെയ്ത ശേഷം തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യാം. മസാജിന് പകരം മാസ്ക് ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകും. ഇതിന് ശേഷം സ്റ്റീം ചെയ്യണം. തുടര്‍ന്ന് മുടി വീണ്ടും കഴുകാം.ഇപ്പോള്‍ മുടിയിഴകള്‍ക്ക് നല്ല മൃദുലത ലഭിച്ചതായി നമുക്ക് തിരിച്ചറിയാനാകും. പിന്നീട് മുടി സ്റ്റൈലിഷ് ആക്കണമെങ്കില്‍ മൊറോക്കോ ഓയില്‍ സിറം അപ്ലൈ ചെയ്യാം. ബ്ലോ ഡ്രൈ ചെയ്താല്‍ അടിപൊളി ലുക്കും സ്വന്തം. സ്പായുടെ ഗുണം കൂടുതല്‍ കാലം നിലനില്ക്കാന് താല്പര്യമുള്ളവര് മൊറോക്കന്‍ ഓയിലിന്റെ ഹോംകെയര്‍ കിറ്റ് ഉപയോഗിക്കുക.
ഹോംമെയ്ഡ് ഹെയര്‍ സ്പാ ഓയിലിംഗ്
തലയോട്ടില്‍ എണ്ണ തേച്ച് പിടിപ്പിക്കുന്നതിനെയാണ് ഓയിലിംഗ് എന്നുപറയുന്നത്. ഇതിന് ഒലീവ് ഓയില്‍ ഉപയോഗിക്കാം. മുടി നന്നായി ബ്രഷ് ചെയ്തതിനുശേഷം ഒലീവ് ഓയില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം ഇളം ചൂട് വെള്ളത്തില്‍ മുക്കിയ ടവ്വല്‍ കൊണ്ട് മുടി പത്ത് മിനിറ്റ് പൊതിഞ്ഞ് ന്ഥവയ്ക്കുക.
ഷാംപൂ വാഷ്
ഹെയര്‍ മാസ്ക് കഴിഞ്ഞതിനുശേഷം ഹെയര്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ശേഷം സ്പാ നറിഷിംഗ് ക്രീം പുരട്ടണം. രണ്ട് മിനിട്ട് കഴിഞ്ഞ് മുടി കഴുകി ഉണക്കണം. താരന് അകറ്റാന്‍ ആന്റിഡാന്‍ഡ്രഫ് ലിക്വിഡ് തലയോട്ടില്‍ പുരട്ടുന്നതും നല്ലതാണ്.
പ്രോട്ടീന്‍ ട്രീറ്റ്മെന്റ്
മുടിക്കു നല്കാവുന്ന സംരക്ഷണങ്ങളില്‍ മറ്റൊന്നാണ് പ്രോട്ടീന്‍ ട്രീറ്റ്മെന്റ്. മുടിയിഴകളുടെ സംരക്ഷണം എപ്പോഴും വേരില്‍ നിന്നാണ് നല്‍കേണ്ടത്. മുടിയുടെ റൂട്ടിന് ശക്തി പകരാന്‍ പ്രോട്ടീന്‍ ട്രീറ്റ്മെന്റിന് കഴിയും. സ്മൂത്തിനിങ്, സ്ട്രെയിറ്റനിങ് തുടങ്ങിയ ഹെയര്‍ ട്രീറ്റ്മെന്റുകള്‍ ചെയ്തിട്ടുള്ളവര്‍ നിര്‍ബന്ധമായും പ്രോട്ടീന്‍ ട്രീറ്റ്മെന്റ് ചെയ്യണം. ഹോട്ട് ഓയില്‍ മസാജ് ചെയ്ത് കഴുകിയെടുത്ത മുടിയില്‍ ഒരു മുട്ടയുടെ വെള്ള പതപ്പിച്ച് തേക്കുക. അരമണിക്കൂര്‍ നേരം ഇത് മുടിയുടെ വേരില്‍ തേച്ച് പിടിപ്പിക്കണം.
വിരലുകള്‍ ഉപയോഗിച്ച് വേണം മസാജ് ചെയ്യാന്‍. മുട്ടയിലെ പ്രോട്ടീന്‍ മുടിവേരുകള്ക്കിടയിലേക്ക് ഇറങ്ങി മുടിയ്ക്ക് ശക്തി കിട്ടാനാണ് ഇത്. അതിനു ശേഷം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഷാംപുവും കണ്ടീഷനറും ഉപയോഗിച്ച് മുടി നന്നായി കഴുകിയെടുക്കാം. ഇതിനു ശേഷം ഒരു ബക്കറ്റ് തണുത്ത വെള്ളത്തില്‍ രണ്ട് വലിയ സ്പൂണ്‍ വിനാഗിരി ഒഴിച്ച് ഈ വെള്ളത്തില്‍ മുടി ഒന്നു കൂടി കഴുകുക. ഇനി ഹെയര്‍ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കാം.
ഈ രീതിയിലൂടെ മുടിക്ക് കരുത്തും തിളക്കവും വര്‍ധിപ്പിക്കാം. മാസത്തില്‍ ഒരു തവണയെങ്കിലും പ്രോട്ടീന്‍ ട്രീറ്റ്മെന്റ് നല്‍കണം. വീട്ടില്‍ ഒരല്‍പ്പം സമയം കണ്ടെത്തിയാല്‍ ഏറെ നാള് മുടി അഴകോടെയും കരുത്തോടെയും നിലനില്ക്കും.
അനഘ