ന്യുഡല്‍ഹി: രാജ്യത്തെ പൗരന്മാരെയും പൗരന്മാര് അല്ലാത്തവരെയും തിരിച്ചറിയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പൗരത്വ നിയമം ചോദ്യം ചെയ്ത് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഫയര്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രജിസ്റ്റര്‍ നടപ്പാക്കേണ്ടതിന്റെ അനിവാര്യത വിശദീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കുമ്പോഴാണ് രജിസ്റ്റര്‍ അനിവാര്യമാണെന്ന നിലപാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിയമനപടി സ്വീകരിക്കാനുള്ള വിവേചനാധികാരം സര്‍ക്കാരിനുണ്ട്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം പൗരത്വ നിയമ ഭേദഗതി നിയമം ഇന്ത്യന്‍ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ ജനാധിപത്യപരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. ഈ അധികാരം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയ ഡയറക്ടര്‍ ബി.സി ജോഷി ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിഭജനം തന്നെ മതാടിസ്ഥാനത്തില്‍ ആയിരുന്നു. അഫ്ഗാനിസ്ഥാന്, ബംാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പീഡനം അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഏതാണെന്ന തീരുമാനിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മതപീഡനം അനുഭവിക്കുന്ന അഹമ്മദിയ, ഷിയ വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ട് സംരക്ഷണം നല്‍കുന്നില്ലെന്ന ചോദ്യത്തിന് ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ പീഡനം അനുഭവിക്കുന്നവര്‍ക്ക് ന്യുനപക്ഷങ്ങള്‍ക്ക് നല്കുന്ന അതേസംരക്ഷണം നല്കാന് കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലീങ്ങളെ മാത്രമാണ് ഒഴിവാക്കിയതെന്ന വിമര്‍ശനം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കളെയും ടിബറ്റിലെ ബുദ്ധമത വിശ്വാസികളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇതിന് വിശദീകരണമായി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദം തുല്യത ഉറപ്പാക്കുന്നുണ്ടെങ്കിലും എല്ലാ നിയമത്തിനും അത് ബാധകമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു.






