
കാബൂള്‍: ശരിയ നിയമത്തിനു കീഴിലുള്ള ജീവിതം മോഹിച്ച് അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ജിഹാദികള്ക്കിടയിലേക്കു പോയ അയിഷ(സോണിയ സെബാസ്റ്റന്‍)യ്ക്കും ഫാത്തിമ(നിമിഷ)യ്ക്കും മോഹഭംഗം.
ഐ.എസുകാരായിരുന്ന ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതിനു ശേഷം അഫ്ഗാന് സൈന്യത്തിനു കീഴടങ്ങിയ ഇവരുമായുള്ള അഭിമുഖം സ്ട്രാറ്റ്ന്യൂസ് ഗ്ലോബല്‍ എന്ന മാധ്യമമാണു പുറത്തുവിട്ടത്. ഇസ്ലാമിക ഭരണത്തിനു കീഴില്‍ ഇസ്ലാമിക ജീവിതം കൊതിച്ചായിരുന്നു യാത്രയെന്നും നിസ്കാരത്തിനു മസ്ജിദില്‍ പോകാത്തവരാണ് ഐ.എസെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നും കാബൂള്‍ ജയിലില്‍ കഴിയുന്ന അയിഷ പറഞ്ഞു.
ചെന്നപ്പോഴുള്ള സാഹചര്യങ്ങള്‍ പ്രതീക്ഷകള്‍ക്കു കടകവിരുദ്ധമായിരുന്നു. ഇസ്ലാമിക ജീവിതത്തിനായി ഐ.എസിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കല്‍ക്കൂടി ചിന്തിക്കണം. അവസാനകാലമെത്തിയപ്പോഴേക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കും ഐ.എസിന്റെ കാര്യത്തില്‍ നിരാശയായിരുന്നു.
സന്ദേശങ്ങള്‍ അയയ്ക്കുന്നത് അവസാനിപ്പിച്ചിരുന്നു. (മലയാളി യുവാക്കളെ ഐ.എസില്‍ ചേരാന്‍ പ്രലോഭിപ്പിച്ച് അബ്ദുള്ള നൂറോളം ശബ്ദസന്ദേശങ്ങളയച്ചത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.) പൂര്‍ണമായും നിരാശനായിരുന്നെങ്കിലും ഇന്ത്യയിലേക്കു മടങ്ങാന്‍ അബ്ദുള്ള ആഗ്രഹിച്ചിരുന്നില്ല. ജീവിതം മടുത്തു എന്നാണ് അവസാനം പറഞ്ഞത്. ഇനി കേരളത്തിലേക്കു മടങ്ങണം. അബ്ദുള്ളയുടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കണം. ഐ.എസുമായി ഇനി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നില്ല- അയിഷ പറഞ്ഞു.
ജയിലിലാക്കില്ലെങ്കില് ഇന്ത്യയിലേക്കു മടങ്ങാനാണു ഫാത്തിമയ്ക്കും മോഹം. അഫ്ഗാനല്ല, ഇന്ത്യയാണ് എന്റെ നാട്. ശരിയ ഭരണമുള്ള ഇസ്ലാമിക രാജ്യം എന്ന ആശയം തെറ്റാണെന്നു കരുതുന്നില്ല. ആദ്യമൊക്കെ നന്നായിരുന്നു, പിന്നീട് സാഹചര്യങ്ങള്‍ മാറി- അയിഷ വിശദീകരിച്ചു.






