
വാഷിങ്ടണ്‍: കൊറോണ വൈറസ് ഇനിയും നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നും ലക്ഷങ്ങള്‍ കവിഞ്ഞേക്കാമെന്നും ബ്രിട്ടീഷ് പഠനസംഘത്തിന്റെ പ്രവചനം. ലണ്ടന്‍ ഇംപീരിയല്‍ കോളജ് മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുഎസില്‍ മാത്രം 22 ലക്ഷം പേര് മരിക്കുമെന്നാണ് കണക്ക്.
യുകെയില്‍ ഇനിയും കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷത്തിലധികം പേര് മരിക്കാനും സാധ്യതയുണ്ടെന്ന് പഠനസംഘം വിലയിരുത്തുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന് എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ബ്രിട്ടണില്‍ ഇനിയും പബ്ബുകളും തീയറ്ററുകളും അടച്ചിട്ടില്ല. ഇതില്‍ ആരോഗ്യവിദഗ്ധര്‍ കടുത്ത അതൃപ്തി അറിയിച്ചു. ഹോം ക്വാറന്റൈന് പോലുള്ള നിയന്ത്രണങ്ങളിലേക്ക് ഇനിയും കടക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്.
ഇറ്റലിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം പഠനം നടത്തിയത്. 1918ലെ പകര്‍ച്ചപ്പനിയുമായി ഇന്നത്തെ അവസ്ഥ താരതമ്യം ചെയ്താണ് സംഘം വിലയിരുത്തല്‍ നടത്തിയത്. എല്ല രാജ്യങ്ങളിലും കൊവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുകെയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് ഗ്ലോബല്‍ ഹെല്‍ത്ത് എപ്പിഡെമിയോളജി വിദഗ്ധന്‍ ടിം കോള്‍ബേണ്‍ പറഞ്ഞു. ഇനിയും കൂടുതല്‍ ദുഷ്കരമായ അവസ്ഥയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.






