
കൊച്ചി: ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ആളുകള്‍ കൂട്ടം കൂടിയ കേസില്‍ രജിത് കുമാറിനെ ജാമ്യത്തില്‍ വിട്ടു. ആലുവ പോലീസ് സ്റ്റേഷനില്‍ നിന്നുമാണ് ജാമ്യം എടുത്തത്. രജിത്തിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ തടിച്ചുകൂടിയത് വന്‍വിവാദമായിരുന്നു. ഞാഴറാഴ്ച വൈകിട്ടായിരുന്നു രജിത്തിനെ സ്വീകരിക്കാന്‍ രജിത് ആര്‍മിയുടെ നേതൃത്വത്തില്‍ വന്‍ജനക്കൂട്ടം എത്തിയത്.
ഞായറാഴ്ച തന്നെയായിരുന്നു കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതും വിമാനത്താവളം ശുചീകരണം നടത്തിയതും. ആളുകള്‍ കൂട്ടംകൂടിയപ്പോള്‍ മറ്റൊരു വഴിയെ പുറത്തുപോകാന്‍ രജിത്തിന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും രജിത് നിര്‍ദ്ദേശം പാലിച്ചിരുന്നില്ല. 75ഓളം പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രജിത്തിനെ ആറ്റിങ്ങലെ വീട്ടില്‍ നിന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി സി.ഐ പി.എം ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ ഇയാളെ ചോദ്യം ചെയ്തശേഷമാണ് ജാമ്യം നല്കി വിട്ടയച്ചത്.
ഷോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം കുറച്ചു ദിവസമായി അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്നും അതിനാല്‍ തന്നെ കൊറോണ ലോകത്ത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും ജനക്കൂട്ടത്തിന് നിയന്ത്രണമുണ്ടെന്നുള്ളതും അറിഞ്ഞിരുന്നില്ലെന്നും രജിത് പോലീസിനോട് പറഞ്ഞു. തന്നെ സ്വീകരിക്കാന്‍ എത്താന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും രജിത് പറഞ്ഞു.






