
ബിഗ് ബോസ് നല്കിയ ടാസ്കിനിടയില് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ച രജിത് കുമാറിനെ ബിഗ് ബോസ് അഞ്ച് ദിവസം ഷോയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിയിരുന്നു. തുടര്‍ന്ന് വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹല്‍ലാല്‍ എത്തിയപ്പോള്‍ രജിത് കുമാറില്‍ നിന്ന് അക്രമം ഏറ്റ രേഷ്മയുടെ നിര്‍ദ്ദേശ പ്രകാരം ഷോയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു.
കോവിഡ് ഭീതി നിലനില്‍ക്കെ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഷോയ്ക്ക് പുറത്തെത്തിയ രജിത് കുമാറിനെ സ്വീകരിക്കാന്‍ എത്തിയവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം രജിത്ത് കുമാറിനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ് ഒന്നിലെ മത്സരാര്‍ത്ഥിയും ആക്റ്റിവിസ്റ്റുമായ ദിയ സന രജിത്ത് കുമാറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. രജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് ദിയ സന ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
'' ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണ് രജിത് കുമാറിന്റേത്. അയാള്‍ക്കുള്ളിലെ ക്രിമിനല്‍ സ്വഭാവം പുറത്തു വന്നിരിക്കുകയാണ്. അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. കണ്ണില്‍ അണുബാധ വന്നതിനെത്തുടര്‍ന്ന് ചികിത്സ കഴിഞ്ഞെത്തിയ പെണ്‍കുട്ടിയോട് വലിയ ക്രൂരതയാണ് രജിത് കാണിച്ചത്. രജിതിനെപ്പോലെ വലിയ വിദ്യാഭ്യാസമുള്ളയാള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. രേഷ്മയെ ആക്രമിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചതാകണം. രജിത് ക്ഷമാപണം നടത്തിയിട്ടും രേഷ്മ ആ പ്രവൃത്തി ക്ഷമിക്കാതിരുന്നതില് താന്‍ സന്തോഷിക്കുന്നു. '' - ദിയ സന വ്യക്തമാക്കി.






