
കോലാപൂര്‍: കൊറോണ ജാഗ്രതയ്ക്കിടെ പൊതുമധ്യത്തില്‍ മുഖം മറയ്ക്കാതെ തുമ്മിയതിന് യുവാവിന് മര്‍ദ്ദനം. മഹാരാഷ്ട്രയില്‍ കോലാപ്പൂര്‍ നഗരത്തിലാണ് കോവിഡ് ജാഗ്രതയ്ക്കിടെ സംഭവം നടന്നത്. നഗരത്തിലെ ഗുജരി മേഖലയിലാണ് ബൈക്ക് യാത്രികനായ യുവാവിന് മര്‍ദ്ദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു. എന്നാല്‍ ഇതുവരെ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ബൈക്ക് യാത്രികനായ യുവാവ് വഴിയരികില്‍ വണ്ടി നിര്‍ത്തി മറ്റൊരു യാത്രികനോട് വഴി ചോദിക്കുന്നതിനിടെ മുഖം മറയ്ക്കാതെ തുമ്മിയതാണ് പ്രകോപനം ഉണ്ടാക്കിയത്. വൈറസ് പടരുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ മര്ദ്ദനത്തിരയാക്കിയത്. സംഭവത്തിനിടെ നിരത്തില്‍ ട്രാഫിക് ജാമും ഉണ്ടായി. മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് വൈറസ് ബാധയില്‍ ഒരു മരണവും 49 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.






