
കോവിഡ് 19 ബന്ധപ്പെട്ട് പോപ് താരം മഡോണയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്. രോഗം എല്ലാവരേയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്തുവെന്ന് മഡോണ പറയുന്നു. വൈറസിന് മുഖം നോട്ടമില്ലെന്നും പതതിനായിരക്കണക്കിന് ജീവനുകളെടുത്ത കോവിഡ് വിവേചനങ്ങള്‍ ഇല്ലാതാക്കുന്നു എന്നും മഡോണ പറയുന്നു.
റോസാപ്പൂവ് ഇതളുകള്‍ വിതറിയ ബാത്ത് ടബ്ബില്‍ ഇരുന്നുകൊണ്ടാണ് മഡോണ വൈറസ് ബാധയെക്കുറിച്ച് പ്രതികരിച്ചത്. ബാത്ത് ടബ്ബിനു ചുറ്റും മെഴുകുതിരികള്‍ വച്ചിരിക്കുന്നതും കാണാം. ഗായികയുടെ സംസാരത്തിനൊപ്പം പശ്ചാത്തലത്തില്‍ പിയാനോ ശബ്ദവും വ്യക്തമാണ്. 'കോവിഡ് 19–ന് വിവേചനങ്ങളില്ല' എന്ന അടിക്കുറിപ്പോടെയാണ് മഡോണ വിഡിയോ പങ്കുവച്ചത്.
മഡോണയുടെ വാക്കുകള്‍ ഇങ്ങനെ: 'നിങ്ങള്‍ എത്രത്തോളം സമ്പന്നരാണെന്നോ പ്രശസ്തരാണെന്നോ ഉള്ള കാര്യം കോവിഡ് ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ തമാശ പറയുന്ന ആളായിരിക്കാം സമര്‍ഥനായിരിക്കാം വളരെ മികച്ച കഥകള്‍ പറയാന്‍ കഴിവുള്ളവരായിരിക്കാം. പക്ഷേ ഇതിനെക്കുറിച്ചൊന്നും വൈറസ് ആലോചിക്കുന്നില്ല. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്നോ നിങ്ങള്‍ക്ക് എത്ര പ്രായം ഉണ്ടെന്നോ ഒന്നും അത് ശ്രദ്ധിക്കുന്നില്ല. കോവിഡ് 19 എല്ലാവരെയും തുല്യരാക്കുന്നു.
കോവിഡിന്റെ ഭീതി നമ്മെയെല്ലാവരെയും പല തലങ്ങളില്‍ തുല്യരാക്കിയിരിക്കുകയാണ്. അത് വളരെ അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മളെല്ലാവരും ഒരേ വഞ്ചിയിലെ യാത്രക്കാരാണ്. ആ വഞ്ചി മുങ്ങുകയാണെങ്കില്‍ നാം എല്ലാവരും ഒരുമിച്ച് ആഴങ്ങളിലേക്കു പോകും'.
അതേ സമയം ബാത്ത് ടബ്ബില്‍ ഇരുന്ന് മഡോണ സന്ദേശം പങ്കുവച്ചതില്‍ വിമര്‍ശനവുമായി നിരവധി പേര് രംഗത്തു വന്നു. ഒരു സന്ദേശം നല്കുമ്പോള് ശരിയായ ഇടം കണ്ടെത്തണമെന്നും പ്രൗഢി കാണിക്കാന്‍ വേണ്ടി ഇത്തരമൊരു സ്ഥലം ഉപയോഗിക്കാന്‍ പാടില്ല എന്നും പലരും ഗായികയെ വിമര്‍ശിക്കുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മഡോണ വീഡിയോ പിന്‍വലിച്ചു.






