
ലണ്ടന്‍: കൊറോണ വൈറസ് ലോകത്ത് 4,34,595 പേരിലേക്ക് പടര്‍ന്നു. മരണസംഖ്യ 19,603 ആയി. ഇതുവരെ 111,853 പേര് ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 303,139 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 13,223 പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് 3.30 മുതല്‍ 4.45 മണി വരെ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് 500 മരണങ്ങളാണ്. 196 ലോകരാജ്യങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഒരുദിവസത്തിനുള്ളില്‍ 743 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 6,820 ആയി. സ്പെയിനില്‍ ചൊവ്വാഴ്ച മാത്രം മരിച്ചത് 504 പേരാണ്. മരണ സംഖ്യ ഇവിടെ 2,991 ആയി. 42,058 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7,937 കേസുകള്‍ ഇന്നുമാത്രം റിപ്പോര്‍ട്ട് ചെയ്തു. ജര്‍മ്മനിയില്‍ 36 മരണങ്ങള് കൂടി റിപ്പോര്‍ട്ട് െചയ്തിട്ടുണ്ട്. 4,191 പുതിയ കേസുകള്‍ കൂടി വന്നിട്ടുണ്ട്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 31,554 ആയി. ഇറാനില്‍ മരണസംഖ്യ 2000 കടന്നു. പുതിയ 143 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിനിടെ, ബ്രിട്ടീഷ് കിരീടവകാശി ചാള്‍സ് രാജകുമാരനും കൊവിഡ് സ്ഥിരീകരിച്ചു. ചാള്‍സിന്റെ ആരോഗ്യ നില തൃപ്തികരണമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 71 കാരനായ ചാള്‍സും ഭാര്യ 72കാരിയായ കാമിലയും സ്കോട്ലാന്‍ഡിലെ ബാല്മൊറാലിലാണ്. കാമിലയ്ക്ക് രോഗമില്ല. ചാള്‍സും ഭാര്യയും നിലവില്‍ ബാല്‍മൊറാലില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നുവെന്ന് ക്ലാരന്‍സ് ഹൗസ് വ്യക്തമാക്കി.
കൊട്ടാരത്തിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന സംശയത്തേ തുടര്‍ന്ന് എലിസബത്ത് രാജ്ഞി കഴിഞ്ഞ ദിവസം കൊട്ടാത്തില്‍ നിന്ന് താമസം മാറ്റിയിരുന്നു.






