
ബോളിവുഡ് ഗായിക കനിക കപൂറിന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നെത്തിയ ഇവര്‍ സെല്‍ഫ് ക്വാറന്റീനില്‍ കഴിയാതെ പാര്‍ട്ടികളിലും മറ്റും പങ്കെടുത്തിരുന്നു. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തവരടക്കം ക്വാറന്റീനില്‍ കഴിയുകയാണ്. ചാള്‍സ് രാജകുമാരനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. രണ്ടുപേരും പരസ്പരം സംസാരിക്കുന്നതിന്റെ ചിത്രമാണ് പുറത്ത് വന്നത്. ഇതോടെ കനികയില്‍ നിന്നാണ് ചാള്‍സ് രാജകുമാരന് വൈറസ് ബാധ പിടിപെട്ടതെന്ന തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലണ്ടനില്‍ ഒരു ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇരുവരും കണ്ടുമുട്ടിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നാണ് അറിയുന്നത്.
ഇന്നലെയാണ് ചാള്‍സ് രാജകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വീട്ടിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചാള്‍സും ഭാര്യ കാമിലയും സ്കോട്ലന്‍ഡിലെ വസതിയില്‍ ഐസലേഷനിലാണ്. കാമിലയും പരിശോധനയ്ക്കു വിധേയ ആയിരുന്നുവെങ്കിലും രോഗബാധയില്ല.
സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് തവണ പരിശോധിച്ചപ്പോഴും കനികയ്ക്ക് പോസ്റ്റീവ് ഫലമാണുണ്ടായത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കനികയുടെ അശ്രദ്ധപരമായ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.






