
തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടയില്‍ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കോറോണ വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ജ്വാല ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
വിഷ്ണു വിശാല്‍ നായകനായി എത്തിയ തമിഴ് ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്. ചിത്രം വിജയകരമായി മുന്നേറുമ്പോള്‍ തന്നെയായിരുന്നു താരത്തിന്റെ വിവാഹമോചനവും. തുടര്‍ന്ന് ചിത്രത്തില്‍ വിഷ്ണുവിന്റ നായികയായി എത്തിയ അമലപോളും താരവും തമ്മില്‍ പ്രണയത്തിലായെന്നും വിവാഹിതരാകാന്‍ പോവുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ വിവാഹമോചനം അമലയ്ക്ക് വേണ്ടിയാണെന്നു വരെയായി പിന്നീടുള്ള വാര്‍ത്തകള്‍.
എന്നാല്‍ ഇതിനെതിരെ വിഷ്ണു രംഗത്ത് വന്നതോടെ അഭ്യൂഹങ്ങള്‍ ഇല്ലാതായി. തുടര്‍ന്നാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നുള്ള പ്രചരണം ശക്തമായത്. ജ്വാലയ്ക്കൊപ്പമുള്ള ചിത്രം വിഷ്ണു പോസ്റ്റ് ചെയ്തതോടെയായിരുന്നു പുതിയ ഗോസിപ്പ്. ഈ ഗോസിപ്പിനും മറുപടിയുമായി വിഷ്ണു രംഗത്ത് എത്തിയിരുന്നു.
'' ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. '' എന്നാണ് വിഷ്ണു പറഞ്ഞത്.






