
തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടയില്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ജ്വാല തന്നെ വിഷ്ണുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
'' ഞാന്‍ ഡേറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ, എനിക്ക് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ല. വിവാഹം ഉടനെ ഉണ്ടാകും. തീയതി നിശ്ചയിച്ചു തയ്യാറെടുപ്പുകള്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ തന്നെ അത് അറിയിക്കും.'' - അഭിമുഖത്തില്‍ ജ്വാല വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല ട്വിറ്ററില്‍ ഇരുവരുടേയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. കോറോണ വ്യാപനം തടയാന്‍ രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കാണാന്‍ സാധിക്കാത്തതിനാല്‍ വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞാണ് ജ്വാല ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇരുവരുടേയും ബന്ധത്തെ കുറിച്ച് മുന്‍പ് വിഷ്ണു പറഞ്ഞത് ഇങ്ങനെയാണ് ; '' ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. '' - എന്നാണ്. എന്തായാലും ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.






