
മലയാളത്തിന്റെ സ്വന്തം താരമാണ് സലിം കുമാര്‍. ഹാസ്യത്തോടൊപ്പം തന്നെ സീരിയസ് വേഷങ്ങളും അദ്ദേഹം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ തിരക്കേറിയ നടനാകാന്‍ സലീംകുമാറിന് വഴിത്തിരിവായത് രണ്ടായിരാമാണ്ടില്‍ റിലീസ് ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രമാണ്. ഒറ്റ രാത്രി കൊണ്ട് തന്റെ തലവര മാറിയതിനെ കുറിച്ച് മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയില്‍ വെച്ച് സലിംകുമാര്‍ തുറന്നു പറഞ്ഞു.
തെങ്കാശിപ്പട്ടണത്തില്‍ ആദ്യം വളരെ ചെറിയ ഒരു വേഷമായിരുന്നു സലിം കുമാറിന്. സുരേഷ് ഗോപി ചിത്രം സത്യമേവ ജയതേയിലെ അഭിനയം കണ്ടാണ് തെങ്കാശിപ്പട്ടണത്തിലേയ്ക്കുള്ള വിളി വന്നതെന്നും സലിം കുമാര്‍ ഷോയില്‍ പറഞ്ഞു. കുതിരവണ്ടിക്കാരനായുള്ള ഒരു നിര്‍ണായക വേഷം ചെയ്യേണ്ട ഇന്ദ്രന്‍സ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോള്‍ ചിത്രത്തില്‍ നിന്നു പിന്മാറി. ഇതോടെ ഇന്ദ്രന്‍സിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം ചേര്‍ത്ത് ആ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകര്‍.
സലിം കുമാറിന്റെ കാര്യത്തില്‍ ആദ്യം ലാലിന് ഒരു ആത്മവിശ്വാസ കുറവ് ഉണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറയുന്നു. സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറ ഉള്ള ഒരു തിയറ്ററില്‍ പ്രത്യേക ഷോ ഇട്ടു കണ്ടതിനു ശേഷമാണു സലിം കുമാര്‍ തെങ്കാശിപ്പട്ടണത്തിലെ ആ മുഴുനീള വേഷം ചെയ്യുന്നെന്ന കാര്യം അവര്‍ ഉറപ്പിച്ചത്. ആ ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര തന്നെ മാറുന്നതെന്നും സലിം കുമാര്‍ പറഞ്ഞു.






